ലെബനനിലെ മാനുഷിക പ്രതിസന്ധിരൂക്ഷം: മുന്നറിയിപ്പ് നൽകി യുണിസെഫ്

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷം, ലെബനനെ  വിനാശകരമായ മാനുഷിക പ്രതിസന്ധിയിലേക്കു നയിക്കുന്നു എന്ന് യൂണിസെഫ് (UNICEF). 2023 ഒക്‌ടോബർ മുതൽ മൂന്നു ലക്ഷത്തിലധികം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെടുകയും നൂറിലധികം പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സംഘടന റിപ്പോർട്ട് ചെയ്യുന്നു. ജീവൻരക്ഷാ ഇടപെടലുകളെ പിന്തുണയ്ക്കുന്നതിനായി യൂണിസെഫ് 105 മില്യൺ ഡോളറിന്റെ അടിയന്തര സഹായാഭ്യർഥന നടത്തി.

അവശ്യസാധനങ്ങളും സേവനങ്ങളുമുള്ള 200 ഷെൽട്ടറുകളിലായി 50000 വ്യക്തികളെ യൂണിസെഫിന്റെ നേതൃത്വത്തിൽ എത്തിച്ചു. എങ്കിലും, പ്രവർത്തനങ്ങൾ നിലനിർത്താനും വിപുലീകരിക്കാനും സംഘടനയ്ക്ക് അടിയന്തിര പിന്തുണ ആവശ്യമാണ്. എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ, ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നും കുട്ടികളുടെയും പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം, മാനുഷികപ്രവർത്തകർക്ക് സുരക്ഷിതമായ പ്രവേശനം എന്നിവയും ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ബിഷപ്പ് സീസർ എസ്സയൻ ആശങ്ക പ്രകടിപ്പിച്ചു. ഭാവിയിലെ അക്രമങ്ങൾ തടയാൻ മനുഷ്യത്വത്തെ വീണ്ടും കണ്ടെത്തേണ്ടതിന്റെയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.