ബുർക്കിന ഫാസോയിൽ ഇസ്ലാമിക ഭീകരതയാൽ പീഡിപ്പിക്കപ്പെടുന്ന കത്തോലിക്കർ

2023 മെയ് എട്ടു മുതൽ ഇസ്ലാമിക ഭീകരതയാൽ റോളോയിൽ നിന്നും കുടിയിറക്കപ്പെട്ട കത്തോലിക്കരും മുസ്ലീങ്ങളും ഉൾപ്പെടെ 2,000 പേരെ സ്വാഗതം ചെയ്ത ബുർക്കിന ഫാസോയിലെ ഇടവകയാണ് സെന്റ് തെരേസ് ഓഫ് ചൈൽഡ് ജീസസ്. അവിടുത്തെ ഇടവക വികാരിയായ ഫാദർ ആന്ദ്രേ പോരെ ഇസ്ലാമിക ഭീകരതയാൽ പീഡിപ്പിക്കപ്പെടുന്ന കത്തോലിക്കരുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.

“തീവ്രവാദികൾ എത്തുന്ന സ്ഥലത്തെ മുഴുവൻ ആളുകളെയും കൊല്ലുകയാണ്. ചുറ്റുമുള്ളവരിൽ ഭീതിജനിപ്പിക്കാൻ അവശേഷിക്കുന്നവർ അവരുടെ വീട് ഉപേക്ഷിക്കണമെന്ന് അവരെ നിർബന്ധിക്കുകയാണ്. റോളോയിൽ, തീവ്രവാദികൾ എല്ലാം കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പ്രാണരക്ഷാർഥം ഓടിപ്പോയ കത്തോലിക്കരെയും അവർ കൊലപ്പെടുത്തി.” ഈ വൈദികൻ പറയുന്നു. രക്ഷപ്പെട്ടവർ ഏകദേശം 40 കിലോമീറ്റർ യാത്ര ചെയ്ത് എത്തിചേർന്നത് കൊങ്കൂസിയിൽ സ്ഥിതി ചെയ്യുന്ന ഫാദർ പോറെയുടെ ഇടവകയിലേക്കാണ്.

അക്രമികൾ ഗ്രാമം കൈയടക്കുമ്പോൾ അവിടെയുള്ള വീടുകളും സമീപത്തെ റോഡുകളും മൈനുകൾവച്ച് നശിപ്പിക്കുന്നു. കഴിഞ്ഞ വർഷം കുടിയിറക്കപ്പെട്ട 2000 പേരിൽ റോളോയിലെ ഇടവക വികാരി ഫാ. എറ്റിയെൻ സവാഡോഗോയും ഉണ്ടായിരുന്നു. അദ്ദേഹം യാത്രയ്ക്കിടെ അവർ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിക്കുന്നത് ഇപ്രകാരമാണ്:

“അന്നു രാത്രി തന്നെ ഒരു മൈൻ പൊട്ടിത്തെറിച്ചു; വണ്ടികളും പുരുഷന്മാരും സ്ത്രീകളും കുട്ടികളും കടന്നുപോയി നിമിഷങ്ങൾക്കകമായിരുന്നു അത്. ആ ആളുകളെല്ലാം മരിക്കേണ്ടതായിരുന്നു. അവർ കൊണ്ടുവന്ന ചില കന്നുകാലികളും ചത്തു. പക്ഷേ, ദൈവത്തിന്റെ കരം അവരെ സംരക്ഷിച്ചു.”

കയ്യിൽ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട അവർ പ്രാണരക്ഷാർഥം കൊങ്കൂസിയിൽ അഭയം തേടുകയായിരുന്നു. കൊങ്കൂസിയിലെ എല്ലാവരും അവരെ സഹായം നൽകി സ്വീകരിച്ചു. അവർക്കു ഭക്ഷണവും വസ്ത്രവും നൽകി, എല്ലാത്തിനും നേതൃത്വം നൽകിയത് അവിടെയുള്ള ഇടവക ജനങ്ങളാണ്.

കുടിയിറക്കപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

തീവ്രവാദത്തിൻ്റെ ഇരകളായ കത്തോലിക്കർ വളരെ അപകടകരമായ ടെന്റുകളിൽ താമസിക്കുന്നു. ഇത് കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെ ഏറ്റവും മോശമായാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്.

“മാർച്ച് മുതൽ മെയ് വരെ അവിടെ താപനില 45 ഡിഗ്രിവരെ എത്തും. ഈ വർഷം ആരംഭം മുതൽ കുടിയിറക്കപ്പെട്ടവരിൽ 400 പേർ ഇതിനകം മരണമടഞ്ഞു. മിക്കവരും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നതുമൂലം രോഗം ബാധിച്ചു മരിച്ചവരാണ്. ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഞങ്ങൾ ചെയ്യുന്നു, പക്ഷേ എല്ലാവർക്കും വേണ്ടത്ര വിഭവങ്ങൾ ഞങ്ങളുടെ പക്കലില്ല,” ഫാദർ ആന്ദ്രേ പറയുന്നു.

ഫാ. ആന്ദ്രെയുടെ അഭിപ്രായത്തിൽ സഭ നിർവഹിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഭൗതിക ആവശ്യങ്ങൾക്കപ്പുറം ഇരകളെ അവർക്കു നേരിടേണ്ടി വന്ന ആഘാതത്തിൽ നിന്നും മറികടക്കാൻ സഹായിക്കുക എന്നതാണ്. മുസ്ലിങ്ങളും ഈ തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് ഇരകളാണ്. “ഞങ്ങൾ സ്നേഹത്തിലാണ് ഇവിടെ കഴിയുന്നത്. ഞങ്ങൾ ഇപ്പോൾ കൂടുതൽ മതപരമായ മീറ്റിംഗുകൾ നടത്തുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവർക്കു സഹായം വിതരണം ചെയ്യുമ്പോൾ, ഇടവക മതവിഭാഗങ്ങൾക്കിടയിൽ വേർതിരിവ് കാണിക്കുന്നില്ല, അതിനാൽ തന്നെ മുസ്ലിം സഹോദരങ്ങളുമായി ഞങ്ങൾ നല്ല ബന്ധത്തിലാണ്,” – അദ്ദേഹം വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.