![Catholics,-Pope-Francis,-visit,-Vietnam](https://i0.wp.com/www.lifeday.in/wp-content/uploads/2023/09/Catholics-Pope-Francis-visit-Vietnam.jpg?resize=696%2C435&ssl=1)
തങ്ങളുടെ രാജ്യത്തേക്കു കടന്നുവരാൻ പാപ്പായോട് അഭ്യർഥച്ച് വിയറ്റ്നാമിലെ ക്രൈസ്തവർ. ഫ്രാൻസിസ് മാർപാപ്പയെ കാണാനും പ്രത്യേകസന്ദേശം നൽകാനുമുള്ള അവസരത്തിനായി മംഗോളിയയിലെത്തിയ ക്രൈസ്തവസംഘമാണ് ഈ അഭ്യർഥന മുന്നോട്ടുവച്ചത്. സംഘത്തിൽ 90 വിയറ്റ്നാമീസ് കത്തോലിക്കരും ഏഴ് ബിഷപ്പുമാരും ഉൾപ്പെട്ടിരുന്നു.
“വിയറ്റ്നാം സന്ദർശിക്കാൻ പാപ്പായോട് ആവശ്യപ്പെടാനാണ് ഞങ്ങൾ മംഗോളിയയിലെത്തിയത്” – വിയറ്റ്നാമിലെ ഫു കൂങ് രൂപതയിൽ നിന്നുള്ള ഫാ. ഹ്യൂൻ ദി വിൻ വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാ ജനസംഖ്യയുള്ള മംഗോളിയയിൽനിന്ന് വ്യത്യസ്തമായി, ദശലക്ഷക്കണക്കിന് കത്തോലിക്കരുടെ ആവാസകേന്ദ്രമാണ് വിയറ്റ്നാം. എങ്കിലും ഒരു മാർപാപ്പയും ഈ തെക്കുകിഴക്കൻ ഏഷ്യൻരാജ്യം സന്ദർശിച്ചിട്ടില്ല.
“എന്നെങ്കിലും പാപ്പാ വിയറ്റ്നാമിലേക്ക് വരുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. കാരണം, മാർപാപ്പ വിയറ്റ്നാമിൽ വന്നാൽ അത് നമ്മുടെ രാജ്യത്തെ മതസ്വാതന്ത്ര്യത്തെ വളരെയധികം മാറ്റും” – കിംവിയറ്റ് എൻഗോ പറഞ്ഞു. വിയറ്റ്നാമീസ് കത്തോലിക്കരുടെ യുവതലമുറയുടെ വിശ്വാസം ശക്തിപ്പെടുത്താൻ മാർപാപ്പാസന്ദർശനം സഹായിക്കുമെന്ന്, മംഗോളിയയിൽ മാർപാപ്പയെ കാണാനെത്തിയ ഹൂസ്റ്റണിൽ നിന്നുള്ള 20 വയസ്സുള്ള വിയറ്റ്നാമീസ്-അമേരിക്കൻ ഹംഗ് എൻഗുയെൻ വെളിപ്പെടുത്തി.
ഏഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കത്തോലിക്കാ ജനസംഖ്യയുള്ള വിയറ്റ്നാമിൽ 7 ദശലക്ഷം കത്തോലിക്കരാണുള്ളത്. 7,00,000 അധികം വിയറ്റ്നാമീസ് കത്തോലിക്കർ ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്നു. അവരിൽ പലരും അഭയാർഥികളോ, വിയറ്റ്നാം യുദ്ധസമയത്ത് ബോട്ടിൽ പലായനം ചെയ്ത അഭയാർഥികളുടെ പിൻഗാമികളോ ആണ്.