ഒക്ടോബർ ഏഴിന് കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിൽ, കത്തോലിക്കാ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. കാമറൂണിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന ടോഗോക്കാരനായ ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ ആണ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
എംവോലിയിലെ മിഷനറീസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സന്യാസഭവനത്തിന്റെ കവാടത്തിനു പുറത്തുവച്ചാണ് അദ്ദേഹത്തിനു വെടിയേറ്റത്. വൈദികന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരോടും, പ്രാർഥനയിൽ ആശ്വാസം കണ്ടെത്തണമെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന നിരീക്ഷണ ക്യാമറകൾ പകർത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, മോഷ്ടാക്കളാണ് ഈ കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.
ഫാ. ക്രിസ്റ്റോഫ് ഫാർ നോർത്ത് റീജിയണിലെ യാഗൗവ രൂപതയിലെ ഇടവക വൈദികനായി സേവനം ചെയ്തുവരികയായിരുന്നു. വൈദികന്റെ മരണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടും മറ്റു വിശ്വാസികളോടും യൗണ്ടെയിലെ ആർച്ച്ബിഷപ്പ് മോൺസിഞ്ഞോർ ജീൻ എംബർഗ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ഒരുവർഷത്തെ പരിശീലനത്തിനായി ഇറ്റലിയിലേക്കു പോകാനൊരുങ്ങിയ അദ്ദേഹം, യൗണ്ടെ പ്രവിശ്യയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ ദാരുണസംഭവമുണ്ടായത്. വാഴ്ത്തപ്പെട്ട ലൂയിജി നൊവാരീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ‘കുരിശിന്റെ നിശ്ശബ്ദസേവകർ’ എന്ന സമൂഹത്തിലെ അംഗമാണ് ഫാ. ക്രിസ്റ്റോഫ്. 2013-ലാണ് അദ്ദേഹം വൈദികനായി അഭിഷിക്തനായത്.