കത്തോലിക്കാ പുരോഹിതനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് ബെലാറസ് ഭരണകൂടം

ബെലാറസിന്റെ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ ഭരണകൂടം കത്തോലിക്കാ പുരോഹിതൻ ഫാ. ഹെൻറിഖ് അകലാറ്റോവിച്ചിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ചതായി വെളിപ്പെടുത്തി മനുഷ്യാവകാശ സംഘടനാപ്രതിനിധി. വിയാസ്‌ന ഹ്യൂമൻ റൈറ്റ്‌സ് സെന്ററാണ് ഈ വാർത്ത പുറത്തുവിട്ടത്.

64 കാരനായ ഫാ. ഹെൻറിഖ് തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. 2023 നവംബറിൽ അറസ്റ്റിലാകുന്നതിനു മുമ്പ് ഫാ. ഹെൻറിഖിന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും കാൻസറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും വിയാസ്‌ന സെന്റർ അനുസ്മരിച്ചു. “അദ്ദേഹത്തിന് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. പകരം രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ വളരെ കഠിനമായി ശിക്ഷിക്കപ്പെട്ടു” – സംഘടന അപലപിച്ചു.

“1991 ൽ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രാഷ്ട്രീയ തടവുകാർക്കെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾക്ക് ബെലാറസിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ കത്തോലിക്കാ പുരോഹിതനാണ് ഫാ. അകലാറ്റോവിച്ച്. ജനുവരിയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മറ്റ് നൂറുകണക്കിന് വൈദികരെ ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ് കഠിനമായ ഈ ശിക്ഷ” – വിയാസ്‌ന പ്രതിനിധി പവൽ സപെൽക വെളിപ്പെടുത്തി.

വിയാസ്‌നയുടെ കണക്കനുസരിച്ച്, ബെലാറസിൽ 1200 ലധികം രാഷ്ട്രീയ തടവുകാരുണ്ട്. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ന്റെ 2023 ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, അലക്സാണ്ടർ ലുകാഷെങ്കോ സ്വയം ഒരു ‘ഓർത്തഡോക്സ് നിരീശ്വരവാദി’ ആയി പ്രഖ്യാപിക്കുകയും സിവിൽ സമൂഹത്തിനും മനുഷ്യാവകാശങ്ങൾക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സ്വേച്ഛാധിപതിയുമാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.