കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്മാരക പുരസ്‌കാരങ്ങൾ സമ്മാനിച്ചു

കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ചു നടന്നു. സമ്മേളനത്തിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്മാരക പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഗോവാ ഗവർണ്ണർ പി. എസ്. ശ്രീധരൻപിള്ള, മേജർ ആർച്ചുബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് സ്ഥാപക ഡയറക്ടർ ഫാ. ഡോ. ഹർഷജൻ പഴയാറ്റിൽ എന്നിവർക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

വിവിധ മേഖലകളിലെ പ്രത്യേക മികവിനുള്ള പുരസ്‌കാരങ്ങൾക്ക് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോജോ വി. ജോസഫ്, എസ് എച്ച് മെഡിക്കൽ സെന്റർ നേഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ സി. ആലീസ് മണിയങ്ങാട്ട്, കാരിത്താസ് ആശുപത്രി ചീഫ് ഇന്റെർവെൻഷൻ കാർഡിയോളജിസ്റ് ഡോ. ദീപക് ഡേവിഡ്‌സൺ എന്നിവർ അർഹരായി. കാൻസർ സർജറി രംഗത്ത് ചെയ്തിട്ടുള്ള സംഭാവനകളുടെ പേരിലാണ് ഡോ. ജോജോ വി. ജോസഫ് പുരസ്‌കാരത്തിന് അർഹനായത്.

ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, എം. ജി സർവകലാശാല വൈസ്‌ചാൻസലർ ഡോ. സി. ടി അരവിന്ദകുമാർ, കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യഡയറക്ടർ ഫാ. ഡോ. മാണി പുതിയേടം, പ്രസിഡന്റ് പി. പി ജോസഫ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.