മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ കത്തോലിക്കാ കോൺവെന്റ്

ഇന്തോനേഷ്യയിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം വളരെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ജാവയിൽ ഉണ്ടായിരുന്ന സി. മാർത്ത ഡ്രിസ്‌കോ, ഇവിടെ കത്തോലിക്കരുടെ ജീവിതം എങ്ങനെയാണെന്ന് പങ്കുവയ്ക്കുന്നു. 34 വർഷങ്ങൾ ഇന്തോനേഷ്യയിൽ മിഷനറിയായി ശുശ്രൂഷ ചെയ്തിരുന്നു ഈ അമേരിക്കൻ സന്യാസിനി.

1987-ൽ സി. മാർത്ത ഡ്രിസ്‌കോളും മറ്റ് ഒമ്പത് സിസ്‌റ്റെർസിയൻ സന്യാസിനിമാരും ഇന്തോനേഷ്യൻ ദ്വീപായ ജാവയിൽ വന്നിറങ്ങിയപ്പോൾ, അവരെ സ്വീകരിച്ചത് കുറച്ച് പ്രാദേശിക കത്തോലിക്കരും മുസ്ലീം സമൂഹങ്ങളും കുറച്ച് ഇഴജന്തുക്കളുമായിരുന്നു. അടുത്തുള്ള ഗ്രാമത്തിൽനിന്ന് ഏകദേശം അര മൈൽ അകലെയുള്ള ഇന്തോനേഷ്യൻ മഴക്കാടുകളിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ ഏഷ്യൻ ദ്വീപിലെ അഗ്നിപർവതങ്ങളുടെ താഴ്വാരത്തായിരുന്നു അവരുടെ മഠത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നത്. ഗെഡോണോ ആശ്രമത്തിന്റെ സ്ഥാപകമേലധികാരിയായ സി. മാർത്തയ്ക്ക് ഒരു പ്രാദേശിക വന്യജീവിവിദഗ്‌ദ്ധനെ വിളിച്ച് അവരെയും മറ്റ് സഹോദരിമാരെയും ഇഴജന്തുക്കളിൽനിന്നും അവയുടെ വിഷത്തിൽനിന്നും എങ്ങനെ സുരക്ഷിതമായി രക്ഷക്കാമെന്നും മനസ്സിലാക്കേണ്ടിവന്നു. മഠത്തിന്റെ പണികൾ നടക്കുന്നിടത്തേക്ക് എത്തിച്ചേരുന്ന വഴിയിൽ പാമ്പുകളും വിഷമുള്ള മറ്റ് ഇഴജന്തുക്കളും ഒരുപാടുണ്ടായിരുന്നു.

“ഞങ്ങളിലാർക്കും പാമ്പിന്റെ കടിയേറ്റില്ല. ഞങ്ങൾക്ക് പറയാൻ ധാരാളം കഥകളുണ്ട്. പക്ഷേ, ദൈവം നല്ലവനാണ്. പരിശുദ്ധ അമ്മ എല്ലാ പാമ്പുകളിൽനിന്നും ഞങ്ങളെ സംരക്ഷിക്കുന്നു. അമ്മ അവയുടെ മുകളിലാണല്ലോ കാൽ ഉറപ്പിച്ചുവച്ചിരിക്കുന്നത്” – സി. മാർത്ത പറയുന്നു.

ദ്വീപിന്റെ മധ്യഭാഗത്ത് ഉറങ്ങിക്കിടക്കുന്ന സ്ട്രാറ്റോ അഗ്നിപർവതത്തിന്റെ താഴ്‌വരയിലാണ് ആശ്രമസമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഗെഡോനോ ആശ്രമം സ്ഥിതിചെയ്യുന്ന കുന്നുകളിൽ മിക്കവാറും 70 ഡിഗ്രി ഫാരൻഹീറ്റിലോ അതിലും കുറച്ചുകൂടി താഴ്ന്ന നിലയിലോ ആയിരിക്കും പൊതുവെ താപനിലയുണ്ടാകുക. ഈ ദിവസങ്ങളിൽ, മാർപാപ്പയുടെ സന്ദർശനത്തിന് ഒരുങ്ങിയിരിക്കുകയാണ് ഇന്തോനേഷ്യയും തലസ്ഥാനമായ ജക്കാർത്തയും.

ജനസംഖ്യയുടെ ഏകദേശം 87% മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ യാത്രയുടെ പ്രധാന പ്രമേയം മുസ്ലീം – ക്രിസ്ത്യൻബന്ധമായിരിക്കും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 3% മാത്രമാണ് ക്രിസ്ത്യാനികളുള്ളത്. എങ്കിലും, ട്രാപ്പിസ്റ്റ് സമൂഹം പ്രാദേശിക മുസ്ലീങ്ങളുമായി സമാധാനത്തിലും സൗഹൃദത്തിലുമാണ് ജീവിച്ചുവരുന്നതെന്ന് സി. മാർത്ത പറയുന്നു.

“ഞങ്ങളുടെ മഠത്തിലെ എല്ലാ തൊഴിലാളികളും മുസ്ലീങ്ങളാണ്. കത്തോലിക്കാ വിശ്വാസം സ്വീകരിച്ച മുസ്ലീം കുടുംബങ്ങളിൽനിന്നുള്ള സഹോദരിമാരുണ്ട്. അവരുടെ കുടുംബാംഗങ്ങൾ അവരെ വന്നു സന്ദർശിക്കാറുമുണ്ട്, ഒരു പ്രശ്നവുമില്ല” – സിസ്റ്റർ കൂട്ടിച്ചേർത്തു.

ഈ സന്യാസിനിമാർ അവരുടെ ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്യുന്നു. പച്ചക്കറിത്തോട്ടവും ഗ്രാമ്പൂത്തോട്ടവും പരിപാലിക്കുക, കുക്കികൾ, ജാം എന്നിവ ഉണ്ടാക്കി വിപണനവും നടത്തിവരുന്നു. മഠത്തിന്റെ ഏറ്റവും പുതിയ വരുമാനമാർഗം, വറുത്ത ചിക്കൻ ഡിന്നറുകൾ ഓൺലൈനിൽ വിൽക്കുക എന്നതാണ്.

ഗെഡോനോ മൊണാസ്ട്രിയിൽ പുരോഹിതന്മാർക്കും മതവിശ്വാസികൾക്കും സാധാരണക്കാർക്കും ഏതാനും ദിവസങ്ങൾക്കോ, ​​ഒരാഴ്‌ചയോ ഏകാന്ത പ്രാർഥനയ്‌ക്കോ, ധ്യാനത്തിനോ വരാനുള്ള അനുമതിയുണ്ട്. എല്ലാ ഞായറാഴ്ചകളിലും ഇരുനൂറിനും മുന്നൂറിനും ഇടയിലുള്ള വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻവരുന്നു. അതിനുശേഷം പ്രാർഥനയെക്കുറിച്ചോ, ദൈവവിളിയെക്കുറിച്ചോ ഉള്ള ഒരു പ്രസംഗം അവർക്കായി അവിടെ നല്കപ്പെടുന്നുണ്ട്.

മതസൗഹാർദപരമായ കാര്യങ്ങളിലും ഈ സന്യാസിനിമാർ പങ്കെടുക്കുന്നുണ്ട്. തങ്ങളുടെ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനുമൊപ്പം റമദാൻ ആഘോഷിക്കുന്നത് പതിവാണ്. “ഈ വർഷത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളിലും പരസ്പരം ക്ഷമ ചോദിക്കുകയും വിരുന്നു നടത്തുകയും കർത്താവിന് നന്ദിപറയുകയും ചെയ്യുന്നു” – അവർ പറയുന്നു.

തനിക്ക് മുസ്ലീം ആത്മീയപുത്രന്മാരും ഉണ്ടെന്ന് ഈ സന്യാസിനി വെളിപ്പെടുത്തി. അവർ ഇപ്പോഴും മുസ്ലീങ്ങളാണ്. പക്ഷേ, അവർ ആശ്രമത്തിൽ വരുന്നു. സാധാരണ മുസ്ലീം ആചാരങ്ങളിൽ കുറവുള്ള, ക്ഷമയെക്കുറിച്ചു ഞാൻ പറയുമ്പോൾ അവർ വികാരഭരിതരാകുന്നു. ഇത് മുസ്ലീം ജീവിതത്തിന്റെ ഒരു വശമാണ്. അത് പാശ്ചാത്യരാജ്യങ്ങളിൽ പലർക്കും മനസ്സിലാകുന്നില്ല” – ഇന്തോനേഷ്യയിലെ മുസ്ലീങ്ങൾക്ക് ന്യൂനപക്ഷവുമായി യോജിച്ചുജീവിക്കുന്നത് എങ്ങനെയാണെന്ന് ലോകത്തെ കാണിക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.

താനും ഗെഡോനോ മൊണാസ്ട്രിയും അവരുടെ അടുത്തുള്ള മുസ്ലീം സഹോദരീസഹോദരന്മാരുമായി സമാധാനപരമായ സഹവർത്തിത്വം അനുഭവിച്ചിട്ടുണ്ടെങ്കിലും ചില പ്രശ്നങ്ങളോ, ബുദ്ധിമുട്ടുകളോ ഇല്ലെന്ന് അർഥമാക്കുന്നില്ലെന്ന് സി. മാർത്ത കുറിച്ചു.

“ഒരു പള്ളി പണിയാൻ നിങ്ങൾക്ക് ഗ്രാമത്തിലോ, ആ പ്രദേശത്തോ ഉള്ള ആളുകളുടെ സമ്മതം ഉണ്ടായിരിക്കണം” – രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മുസ്ലീങ്ങളും മറ്റു മതവിഭാഗങ്ങളും തമ്മിൽ മൊത്തത്തിലുള്ള ഐക്യം കുറവാണ്. പൊതുവെ, ഇന്തോനേഷ്യയിൽ വളരെ ലളിതവും മന്ദഗതിയിലുള്ളതും കൂടുതൽ മാനുഷികവുമാണ് എന്നാണ് സിസ്റ്റർ പറയുന്നത്.

“മുസ്ലീം ജനങ്ങൾക്കും മുസ്ലീം മതത്തിനും അതിലെ ജനങ്ങൾക്കും നല്ല മാനുഷികമൂല്യങ്ങളുണ്ടെന്നു ഞാൻ കണ്ടെത്തി. അവർക്ക് ദൈവത്തെക്കുറിച്ചുള്ള ഒരു ബോധ്യമുണ്ട്, കടമയുടെ ഒരു ബോധമുണ്ട്, കുടുംബത്തെക്കുറിച്ചുള്ള ചിന്തയും വളരെ ശക്തമായ ഒരു ഗ്രാമജീവിതവുമുണ്ട്.”

യു. എസ്. ൽ ജനിച്ച സി. മാർത്തയ്ക്ക് 34 വർഷങ്ങൾ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ജീവിച്ചപ്പോൾ അവിടമാണ് ഇന്ന് സ്വദേശം. എങ്കിലും ഇപ്പോൾ ഇറ്റലിയിൽ ആയിരിക്കുന്ന സിസ്റ്ററിന് ഒരിക്കൽക്കൂടി ഇന്തോനേഷ്യ സന്ദർശിക്കണമെന്ന ആഗ്രഹമുണ്ട്. 2021-ലാണ് സിസ്റ്റർ അവിടെനിന്ന് ഇറ്റലിയിലേക്ക് പുതിയ ശുശ്രൂഷയ്ക്കായി തിരികെപ്പോരുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.