മയക്കുമരുന്നിനെതിരെ മുന്നേറ്റമായി കത്തോലിക്ക കോൺഗ്രസ് പ്രതിരോധ സദസ്സ്

മയക്കുമരുന്ന് മുക്ത കേരളത്തിനായി ജനകീയ കൂട്ടായ്മയായി മാറി കത്തോലിക്ക കോൺഗ്രസ് പ്രതിരോധ സദസ്സ്. കേരളത്തിലാകെ ആയിരത്തോളം സ്ഥലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സുകൾ നടത്തപ്പെട്ടു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന് ശക്തി പകരാൻ ലഹരിവിരുദ്ധ കർമ്മസേന രൂപീകരിക്കുകയും ചെയ്തു.

പ്രതിരോധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പടവരാട് വച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. കേരളത്തിന്റെ വരുംതലമുറയെ ഇല്ലാതാക്കുന്ന മയക്കുമരുന്ന് – രാസലഹരിക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണം എന്നും ലഹരി കുറ്റകൃത്യം ചെയ്തവർ ജാമ്യമെടുത്ത് വീണ്ടും സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുന്ന അവസ്ഥയ്ക്ക് അവസാനം വരുത്തണം എന്നും രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.

സംസ്ഥാനത്ത് ലഹരിമാഫിയക്ക് ചില രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും നൽകുന്ന പിന്തുണയും സംരക്ഷണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡന്റുമാരായ ഡോ കെ എം ഫ്രാൻസിസ്, രാജേഷ് ജോൺ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, തോമസ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. ഏപ്രിൽ 27 ന് പാലക്കാട് വച്ച് നടക്കുന്ന മഹാറാലിയിൽ ലഹരി മാഫിയക്കെതിരെ പതിനായിരങ്ങൾ അണിനിരക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.