സംയുക്ത സൈനിക ഇടപെടലിനെതിരെ നൈജറിലെ കത്തോലിക്കാസഭ

ആഫ്രിക്കൻ രാജ്യമായ നൈജറിൽ നയതന്ത്ര സ്തംഭനാവസ്ഥ തുടരുന്നതിനിടെ, അവിടുത്തെ അട്ടിമറി ഭരണകൂടത്തിനെതിരെ സംയുക്ത സൈനിക ഇടപെടൽ നടത്താൻ ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തികസമൂഹം എന്ന സംഘടന വിഭാവനംചെയ്ത പദ്ധതിക്കെതിരെ പ്രാദേശിക കത്തോലിക്കാസഭ. കഴിഞ്ഞ ജൂലൈ 26-ന് അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അധികാരത്തിൽനിന്ന് നീക്കിയ സൈനികസംഘം നൈജറിന്റെ ഭരണം ഏറ്റെടുത്തതിനെതിരെ സംയുക്ത സൈനികനടപടി നടത്തി, മുൻ പ്രസിഡന്റിനെ തിരികെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളെയാണ് പ്രാദേശിക കത്തോലിക്കാ സഭകൾ എതിർത്തത്. നയതന്ത്രമാർഗങ്ങളിലൂടെ സമാധാനസ്ഥാപനം നടത്തുക എന്ന നിർദേശമാണ് മെത്രാൻസമിതികൾ മുന്നോട്ടുവയ്‌ക്കുന്നത്.

അധികാരം പിടിച്ചെടുത്തതിനെ തുടർന്ന്, മൂന്നുവർഷങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള നൈജർ സൈനികഭരണകൂടത്തിന്റെ പദ്ധതിയെ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തികസമൂഹം നിരസിച്ചു. അതേസമയം സംഘടനയിൽ അംഗങ്ങളെങ്കിലും, അട്ടിമറിഭരണകൂടങ്ങൾ നിലനിൽക്കുന്ന മാലി, ബുർക്കിന ഫാസോ, ഗിനിയ എന്നീ രാജ്യങ്ങൾ നൈജറിൽ അട്ടിമറിഭരണകൂടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിലും നൈജറിൽ ഒരു സൈനിക ഇടപെടലിലൂടെ അധികാരം തിരികെപിടിക്കുന്നതിനെതിരെ അഭിപ്രായമുയർന്നു. നിലവിലെ പ്രതിസന്ധി, ബലപ്രയോഗത്തിലൂടെയല്ല ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

നൈജീരിയയിലെ ഇബാദാൻ പ്രാദേശിക കത്തോലിക്കാസഭ, നൈജറിൽ സൈനിക ഇടപെടലിനെ അനുകൂലിക്കുന്ന നൈജീരിയൻ പ്രസിഡന്റിനോട്, അത്തരമൊരു നീക്കം നൈജീരിയയിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് മറ്റുള്ളവരേക്കാൾ സ്വന്തം ജനങ്ങളെയാണ് ശ്രവിക്കേണ്ടതെന്നും ആവശ്യപ്പെട്ടു.

ബെനിനിലെയും ടോഗോയിലെയും മെത്രാൻസമിതികളും നൈജറിൽ സംയുക്ത സൈനികനടപടിയിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനെതിരെ രംഗത്തുവന്നു. അട്ടിമറിഭരണത്തെ തുടർന്ന് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തികസമൂഹം എന്ന സംഘടന നൈജറിനെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം അതികഠിനമാണെന്നും ദാരിദ്ര്യത്താൽ വലയുന്ന നൈജർ ജനതയുടെ ജീവിതത്തെ ഇത് കൂടുതൽ ദുരിതപൂർണ്ണമാക്കുമെന്നും അതുകൊണ്ടുതന്നെ ഈ ഉപരോധം പിൻവലിക്കണമെന്നും ബെനിനിലെയും ടോഗോയിലെയും മെത്രാൻസമിതികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.