
ഏഴു യുവാക്കളുടെ ജീവൻ അപഹരിച്ച മെക്സിക്കോയിലെ ഗ്വാനജുവാറ്റോയിൽ നടന്ന സായുധ ആക്രമണത്തിൽ അപലപിച്ച് കത്തോലിക്കാ സഭ. മാർച്ച് 19 ന് വൈകിട്ട് ഏഴു മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം യുവജന ശുശ്രൂഷകരായ ചെറുപ്പക്കാർ ഒന്നിച്ചു കൂടിയിരിക്കുമ്പോഴാണ് സായുധ ആക്രമണം നടന്നത്.
“ഏകദേശം വൈകുന്നേരം 7:30 ഓടെ, വിശുദ്ധ കുർബാനയ്ക്കുശേഷം ഒരു പൊതു പാർക്കിൽ ഒത്തുകൂടിയതായിരുന്നു യുവാക്കൾ. അപ്പോഴാണ് ആയുധധാരികളായ ആളുകൾ എത്തി വെടിയുതിർത്തത്” കൃത്യം നടന്ന രൂപതയായ ഇറാപുവാറ്റോയിലെ ബിഷപ്പ് എൻറിക് ഡയസ് പങ്കുവച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രദേശത്തെ യുവാക്കളുടെ ജീവൻ സായുധ ആക്രമണത്തിൽ അപഹരിക്കപ്പെടുന്നത് ഇതാദ്യമല്ല. ജനുവരി മൂന്നിന് രാത്രിയിൽ, മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികൾ തെരുവിൽ കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കൗമാരക്കാർക്കു നേരെ 20 ലധികം തവണ വെടിയുതിർക്കുകയും അതിൽ രണ്ടു പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
“നമ്മുടെ വിശ്വാസം കവർന്നെടുക്കാനും നമ്മുടെ പ്രത്യാശയെ കെടുത്തിക്കളയാനും ആഗ്രഹിക്കുന്ന ഈ സംഭവങ്ങൾക്കിടയിലും നമ്മെ പ്രകാശിപ്പിക്കാൻ ദൈവത്തിന് കഴിവുണ്ട്. അതുകൊണ്ട്, ഈ ആക്രമണം നടത്തിയവർക്കും നമ്മുടെ രാജ്യത്തും ലോകമെമ്പാടും അക്രമം നടത്തുന്നവർക്കും വേണ്ടി നാം പ്രാർഥിക്കണമെന്ന് ബിഷപ്പ് എൻറിക് ഡയസ് പങ്കുവച്ചു.