അക്രമം രൂക്ഷമാകുന്ന കിഴക്കൻ കോംഗോയിലെ ഗോമയിൽ മാനുഷികസഹായങ്ങൾ എത്തിച്ചുനൽകി കാത്തലിക് ഏജൻസി ഫോർ ഓവർസീസ് ഡെവലപ്മെന്റ് (CAFOD). അക്രമം മൂലം ഗോമയിലെ സ്ഥിതി കൂടുതൽ വഷളായി തുടരുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ചാരിറ്റി ഏജൻസിയുടെ നേതൃത്വം ജനുവരി 29 ന് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
“ആക്രമണങ്ങൾക്കിരയായ കുടുംബങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളൾ ഗോമയിൽ തുടരുന്നു. പോരാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവരെയും കുടിയിറക്കപ്പെട്ടവരെയും ഞങ്ങൾ തുടർന്നും സഹായിക്കും” – കാത്തലിക് ഏജൻസി ഫോർ ഓവർസീസ് ഡെവലപ്മെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കൾ അടിയന്തരമായി എത്തിച്ചുനൽകുന്നതിൽ പിന്തുണ നൽകുമെന്ന് യു. കെ. കാത്തലിക് ഏജൻസി പങ്കുവച്ചു.
സി. എ. എഫ്. ഒ. ഡി. ഡെമോക്രാറ്റിക് കോംഗോയുടെ രാജ്യപ്രതിനിധി ബർണാർഡ് ബാലിബുനോ ഗോമയിലെ സ്ഥിതി ‘വളരെ ഗുരുതരമാണ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഞങ്ങളുടെ ജീവനക്കാരും പങ്കാളികളും അവർക്കുള്ളതിൽ നിന്നും പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഗോമയിലെ അടിസ്ഥാനാവശ്യങ്ങൾ വളരെ വലുതാണ്. അക്രമങ്ങൾമൂലം ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ടു. നഗരം അടച്ചുപൂട്ടാൻ നിർബന്ധിതമായിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് അവിടെയുള്ളത്.