ബെയ്ജിംഗിൽ വിദേശകാര്യ മന്ത്രാലയത്തിലെ യുറേഷ്യൻ കാര്യങ്ങളുടെ ചൈനയുടെ പ്രത്യേക പ്രതിനിധി ലി ഹുയിയുമായി കർദിനാൾ മാറ്റിയോ സുപ്പി കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാൻ അറിയിച്ചു. ഉക്രൈനിൽ സമാധാനം തേടാനുള്ള മാർപാപ്പയുടെ പ്രതിനിധി ചൈനീസ് പ്രത്യേക പ്രതിനിധിയുമായി, തുറന്നതും സൗഹാർദപരവുമായ അന്തരീക്ഷത്തിൽ കൂടിക്കാഴ്ച നടത്തിയതായി വ്യാഴാഴ്ച വത്തിക്കാൻ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
ഉക്രൈനിലെ യുദ്ധവും അതിന്റെ നാടകീയമായ അനന്തരഫലങ്ങളും ചൂണ്ടിക്കാട്ടി സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനത്തിലേക്കുനയിക്കുന്ന പാതകൾ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുകൂട്ടരും ചർച്ചചെയ്തു. കൂടാതെ, അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്ക് ധാന്യങ്ങളുടെ കയറ്റുമതി ഉടൻ ഉറപ്പുനൽകുമെന്ന പ്രതീക്ഷയോടെ ഭക്ഷ്യസുരക്ഷ സംബന്ധിച്ചും ഇരുകൂട്ടരും ചർച്ചകൾ നടത്തി.
ഇറ്റാലിയൻ വംശജനായ കർദിനാളും ബൊലോഗ്നയിലെ ആർച്ചുബിഷപ്പുമായ കർദിനാൾ സുപ്പി ജൂൺ 5, 6 തീയതികളിൽ കൈവിലേക്കും ജൂൺ 28, 29 -ന് മോസ്കോയിലേക്കും ജൂലൈ 17-19 ന് വാഷിംഗ്ടണിലേക്കും സമാധാനസ്ഥാപനത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി യാത്രചെയ്തിരുന്നു. സന്ദർശനവേളയിൽ കർദിനാൾ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ദൗത്യത്തിന്റെ മാനുഷികവശങ്ങളും സമാധാനം കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞിട്ടുണ്ട്.