ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യം നൈജീരിയ; കാരണം വെളിപ്പെടുത്തി കർദ്ദിനാൾ

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യം നൈജീരിയ ആണെന്ന് സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ അപ്പോസ്തോലേറ്റ് (CARA) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. നൈജീരിയയിലെ 30 ദശലക്ഷം കത്തോലിക്കരിൽ 94% പേരും കുറഞ്ഞത്, ആഴ്‌ചയിൽ ഒന്നോ അതിലധികമോ തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. നൈജീരിയയിലെ കത്തോലിക്കരുടെ സജീവ പങ്കാളിത്തത്തിനു പിന്നിൽ മൂന്ന് പ്രധാന ഘടകങ്ങളാണ് ഉള്ളതെന്ന് നൈജീരിയയിലെ എക്വുലോബിയ രൂപതയെ നയിക്കുന്ന കർദ്ദിനാൾ പീറ്റർ എബെറെ ഒക്പാലെകെ വെളിപ്പെടുത്തുന്നു.

ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം

നൈജീരിയയുടെ പരമ്പരാഗത ലോകവീക്ഷണവും കുടുംബത്തിന്റെ പങ്കും ഇടവകകൾക്കുള്ളിലെ സമൂഹബോധവുമാണ് നൈജീരിയക്കാരെ തലമുറതലമുറയായി കൂദാശകളോട് അടുപ്പിച്ചതെന്ന് കർദ്ദിനാൾ ഒക്പലെകെ പറയുന്നു. നൈജീരിയൻ സമൂഹത്തിന് ഒരു ‘പരമ്പരാഗത ലോകവീക്ഷണം’ ഉണ്ട്. അത് ജീവിതത്തിലും സമൂഹത്തിലും ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ അവരെ സഹായിക്കുന്നു. ആത്മീയത, അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ഊർജ്ജസ്വലമാക്കുന്നുവെന്ന കാര്യത്തിൽ അവർക്ക് നല്ല തിരിച്ചറിവുണ്ട്. മനുഷ്യജീവിതത്തിൽ ദൈവീക പങ്കിനെക്കുറിച്ച് പൊതുവായ ഒരു അവബോധവും അവർക്കുണ്ട്. ഈ അവബോധമാണ് വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിന്റെ പക്കലേക്ക് കടന്നുവരാൻ അവരെ സഹായിക്കുന്നത് – കർദ്ദിനാൾ പറയുന്നു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ മതേതരത്വം ഒരു സംസ്കാരത്തിന്റെ ദൈവികബോധത്തെ നശിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ, നൈജീരിയയിൽ ‘ദൈവവുമായി ബന്ധപ്പെടാനുള്ള മനുഷ്യനിലെ ആന്തരിക വിശപ്പ്’ നിറവേറ്റുന്ന ഒരു ‘കവാടം’ തുറക്കപ്പെടുകയാണ് ചെയ്യുന്നത്.

നൈജീരിയയിൽ കുടുംബം ‘ഗാർഹികസഭ’

നൈജീരിയയിൽ, കുടുംബം ‘ഗാർഹികസഭയാണ്.’ ആദിമ സഭാപിതാക്കന്മാർ ഉപയോഗിച്ചതും വി. ജോൺ പോൾ രണ്ടാമൻ, ഫാമിലിയാരിസ് കൺസോർട്ടിയോയിൽ ഊന്നിപ്പറഞ്ഞതുമായ പദമാണിത്. വിശ്വാസം അടുത്ത തലമുറക്കു കൈമാറുന്ന പ്രാഥമിക സ്ഥലമായി കുടുംബത്തെ കാണുന്നു. നൈജീരിയയിലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക സാഹചര്യങ്ങൾ കാരണം കുടുംബം വളരെയധികം സമ്മർദ്ദം നേരിടുമ്പോൾ, മിക്ക കുടുംബങ്ങളും ഈ സമ്മർദ്ദത്തെ ചെറുത്തുനിൽക്കുകയും വിശ്വാസത്തിലൂടെ തങ്ങളുടെ വെല്ലുവിളികളെ അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ഈ മാതൃക പിന്തുടർന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കർ ആഭ്യന്തരസഭയെന്ന നിലയിൽ കുടുംബത്തിന് അജപാലനശ്രദ്ധ നൽകണം. കാരണം എല്ലാവരുടെയും വിശ്വാസാനുഭവം രൂപപ്പെടുന്നത് അവിടെയാണ് – കർദ്ദിനാൾ ഓർമ്മിപ്പിക്കുന്നു.

നൈജീരിയയിൽ നിന്ന് ലോകത്തിന് എന്ത് പഠിക്കാനാകും?

നൈജീരിയയിലെ ഊർജ്ജസ്വലമായ വിശ്വാസം, രാജ്യത്തേക്ക് സുവിശേഷം കൊണ്ടുവന്ന മിഷനറിമാരുടെ സംഭാവനയാണെന്ന് കർദ്ദിനാൾ ഒക്പാലെകെ പറയുന്നു. ഇന്ന് നൈജീരിയയിൽ നിന്ന് യൂറോപ്പിലേക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും സഭയെ സേവിക്കാൻ വൈദികരെ അയക്കുന്നു. ഉദാഹരണത്തിന്, യുഎസിലെ പുരോഹിതരുടെ എണ്ണം 1970 മുതൽ 2020 വരെ 70% കുറഞ്ഞു.

ആക്രമണങ്ങളുടെയും ക്രിസ്തീയപീഡനങ്ങളുടെയും നടുവിലും അനുദിനം, വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുന്ന ആളുകൾ, ദേവാലയത്തിലേക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി ഓടിയെത്തുന്ന നൈജീരിയൻ ക്രൈസ്തവർ ലോകത്തിനു മുന്നിൽ അത്ഭുതമാവുകയാണ്. അതേസമയം അമേരിക്കൻ കത്തോലിക്കരിൽ 17% പേർ മാത്രമേ പ്രതിവാര കുർബാനയിൽ പങ്കെടുക്കുന്നുള്ളൂവെന്ന് സമീപകാല പഠനം കണ്ടെത്തി.

ഓരോ ആഴ്ചയിലും പകുതിയോ, അതിലധികമോ കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വിഭാഗത്തിൽ ഫിലിപ്പീൻസ് (56%), കൊളംബിയ (54%), പോളണ്ട് (52%), ഇക്വഡോർ (50%) എന്നിവ ഉൾപ്പെടുന്നു. ബോസ്നിയ ആൻഡ് ഹെർസഗോവിന (48%), മെക്സിക്കോ (47%), നിക്കരാഗ്വ (45%), ബൊളീവിയ (42%), സ്ലൊവാക്യ (40%), ഇറ്റലി (34%) എന്നീ രാജ്യങ്ങൾ പകുതിയിൽ താഴെ കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി.

ആഗോളതലത്തിൽ ക്രിസ്തീയപീഡനങ്ങൾ വർദ്ധിക്കുകയാണ്. ഏറ്റവും കൂടുതൽ ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ അനുഭവിക്കുന്നത് നൈജീരിയയിലാണ്. എന്നാൽ വേദനകളുടെയും കഷ്ടപ്പാടുകളുടെയും നടുവിലും ഇവരുടെ വിശ്വാസം അനുദിനം വർദ്ധിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.