ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ ഉന്നത നയതന്ത്രജ്ഞനായി 16 വർഷം സേവനമനുഷ്ഠിക്കുകയും വർഷങ്ങളോളം റോമിലെ രണ്ട് പ്രധാന പൊന്തിഫിക്കൽ കൗൺസിലുകളുടെ തലവനായിരിക്കുകയും ചെയ്ത കർദിനാൾ റെനാറ്റോ റാഫേൽ മാർട്ടിനോ അന്തരിച്ചു. ഒക്ടോബർ 28 ന് അന്തരിച്ച അദ്ദേഹത്തിന് 91
വയസ്സായിരുന്നു.
2002-2009 കാലഘട്ടത്തിൽ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും 2006-2009 കാലഘട്ടത്തിൽ കുടിയേറ്റക്കാരുടെയും സഞ്ചാരികളുടെയും പാസ്റ്ററൽ കെയർ ഫോർ പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രസിഡന്റായിരുന്ന കർദിനാൾ മാർട്ടിനോ, തന്റെ മരണസമയത്തും ആ പദവികൾ വഹിച്ചിരുന്നു. 2014 മുതൽ മരണംവരെ അദ്ദേഹം കർദിനാൾ പ്രോട്ടോഡീക്കണായി സേവനമനുഷ്ഠിച്ചു. കർദിനാൾ കോളേജിലെ സീനിയർ കർദിനാൾ ആയ പ്രോട്ടോഡീക്കൺ ആണ് പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതും പുതിയ മാർപാപ്പ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പേപ്പൽ പാലിയം നൽകുകയും ചെയ്യുന്നത്.
1932 നവംബർ 23 ന് ഇറ്റലിയിലെ സലേർനോയിൽ ജനിച്ച കർദിനാൾ മാർട്ടിനോ 1957 ജൂൺ 20 ന് വൈദികനായി അഭിഷിക്തനായി. കാനോൻ നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം അഞ്ചു ഭാഷകളിൽ പ്രാവീണ്യം നേടി. 1980-2003 കാലഘട്ടത്തിൽ അദ്ദേഹം സെഗെർമെസിലെ ആർച്ച്ബിഷപ്പ് പദവി വഹിച്ചു. 1986 ഡിസംബർ മൂന്നു മുതൽ ഒക്ടോബർ ഒന്നുവരെ ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു.
ഐക്യരാഷ്ട്രസഭയിലെ തന്റെ സേവനങ്ങൾക്കു പുറമെ, തായ്‌ലൻഡ്, മലേഷ്യ, ലാവോസ്, സിംഗപ്പൂർ, ബ്രൂണെ, ദാറുസ്സലാം എന്നിവിടങ്ങളിൽ വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ച കർദിനാൾ മാർട്ടിനോ, ഏഷ്യയിൽ ഒന്നിലധികം ന്യൂൺഷ്യോ പദവികൾ വഹിച്ചു. 2003 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദിനാൾ ആക്കുകയും 2005 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തിരഞ്ഞെടുത്ത പാപ്പ കോൺക്ലേവിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. 2010-2019 കാലയളവിൽ ഡിഗ്‌നിറ്റാറ്റിസ് ഹ്യൂമാനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി പ്രസിഡന്റായും കർദിനാൾ മാർട്ടിനോ സേവനമനുഷ്ഠിച്ചു.
കർദിനാൾ മാർട്ടിനോയുടെ മൃതസംസ്‌കാരം ഒക്ടോബർ 30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും. കോളേജ് ഓഫ് കർദിനാൾ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയാണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്.