ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസായ കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, ഇസ്രായേലും ഹമാസും ഉണ്ടാക്കിയ വെടിനിർത്തൽ കരാർ “തികച്ചും ആവശ്യമായിരുന്നു”- എന്ന് പ്രതികരിച്ചു. യുദ്ധംമൂലം ദുരിതത്തിലായ ജനങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയിൽ അടിയന്തിരശ്രദ്ധ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സാഹചര്യം വളരെ ദുർബലമായി തുടരുന്നുണ്ടെങ്കിലും ഈ യുദ്ധം എല്ലാവരുടെയും ജീവിതത്തെ മുറിവേൽപ്പിക്കുന്നെങ്കിലും വിശുദ്ധനാട്ടിൽ ആളുകൾ സന്തുഷ്ടരാണ്. ഇത് ആദ്യപടി മാത്രമാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കുന്ന സമാധാനപ്രക്രിയ ദൈർഘ്യമേറിയതാണ്. സമാധാനം കൈവരിക്കാൻ കൂടുതൽ സമയമെടുക്കും. കാരണം യുദ്ധം അവസാനിച്ചാലും സംഘർഷസാധ്യത അവസാനിക്കുന്നില്ല”- കർദിനാൾ പറഞ്ഞു.
വെടിനിർത്തൽ നിലനിൽക്കുമെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യകത കർദിനാൾ പിസബല്ല പ്രകടിപ്പിച്ചു.