“ലോകം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്” – ഗാസയിലെ ക്രിസ്ത്യാനികളെ സന്ദർശിച്ച ​കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ല

“ലോകം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് ക്രൈസ്തവരെ ഓർമപ്പെടുത്തി ഗാസയിലെ ഹോളി ഫാമിലി ഇടവക സന്ദർശിച്ച ജറുസലേം പാത്രിയർക്കീസ് ​​കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. 14 മാസത്തിലേറെയായി ഇടവകവളപ്പിൽ അഭയം പ്രാപിച്ച ഗാസ മുനമ്പിലെ ക്രിസ്ത്യൻസമൂഹത്തെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുദിവസമെങ്കിലും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷത്തിൽ തങ്ങളുടെ ഇടയനൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ച വിശ്വാസികൾ കർദിനാളിന്റെ ഈ സന്ദർശനം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് കർദിനാൾ പിസബല്ല ഗാസയിൽ എത്തുന്നതും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുമായി കൂടിക്കാഴ്ച നടത്തുന്നതും. കഴിഞ്ഞ മെയ് 16 നും കർദിനാൾ പിസബല്ല സന്ദർശനം നടത്തിയിരുന്നു.

ഗാസ സന്ദർശനത്തിനുശേഷം, ക്രിസ്തുമസ് രാത്രിയിൽ പാത്രിയർക്കീസ് ​​ബെത്‌ലഹേമിലേക്കും സന്ദർശനം നടത്തും. അവിടെയും പീഡിപ്പിക്കപ്പെടുന്ന ഒരു ക്രൈസ്തവസമൂഹത്തെയാണ് കർദിനാൾ സന്ദർശിക്കുന്നത്. പിന്നീട് സെന്റ് കാതറിൻ ദൈവാലയത്തിൽ പാതിരാകുർബാനയും അർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.