വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പീയെത്രൊ പരോളിന്റെ നാലുദിവസത്തെ സുഡാൻ സന്ദർശനം പുരോഗമിക്കുന്നു. ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിൽ പതിനാലാം തീയതി തിങ്കളാഴ്ച വിമാനമിറങ്ങിയ കർദിനാൾ പരോളിൻ പതിനേഴാം തീയതി വ്യാഴാഴ്ച തിരികെ വത്തിക്കാനിലേക്കു മടങ്ങും.
വിദ്വേഷത്തിന്റെ ആയുധങ്ങൾ താഴെവയ്ക്കപ്പെടുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ദക്ഷിണ സുഡാനിൽ രാഷ്ട്രീയനേതാക്കളും സഭയും തുടരണമെന്ന ഫ്രാൻസിസ് പാപ്പായുടെ ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യവുമായാണ് ഈ സന്ദർശനം നടത്തുന്നത്. ഈ സന്ദർശനവേളയിൽ കർദിനാൾ പരോളിൻ, ഫ്രാൻസിസ് പാപ്പാ ഫെബ്രുവരിയിൽ സുഡാനിൽ നടത്തിയ ഇടയസന്ദർശനത്തിന്റെ ഓർമ്മയ്ക്കായുള്ള സ്മാരകഫലകം അപ്പസ്തോലിക് നുൺഷിയേച്ചറിൽ അനാവരണം ചെയ്തു. കൂടാതെ, പ്രസിഡൻറ് സാൽവ കീർ മയാർദിത്തുമായി കൂടിക്കാഴ്ച നടത്തുകയും സർക്കാർ പ്രതിനിധികളുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. മലക്കൽ രൂപതയുടെ കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കുകയും ഒരു അഭയാർഥികേന്ദ്രം സന്ദർശിക്കുകയും ചെയ്തു.
സമാപനദിനമായ വ്യാഴാഴ്ച കർദിനാൾ പരോളിൻ, സമാധാനത്തിനും അനുരഞ്ജനത്തിനുംവേണ്ടിയുള്ള ദിവ്യബലി റുംബെക്ക് രൂപതയിൽ അർപ്പിക്കും.