ചങ്ങനാശേരി അതിരൂപതയുടെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് കര്‍ദിനാള്‍ സ്ഥാനത്തേക്കു നിയോഗിക്കപ്പെട്ട അതിരൂപതാ വൈദികന്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക തിരുകര്‍മങ്ങള്‍ 2024 നവംബര്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ആദ്യം മെത്രാന്മാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയില്‍ നിന്ന് ആരംഭിച്ച് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേരും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷ മാര്‍ തോമസ് തറയില്‍ ഏവരെയും സ്വാഗതം ചെയ്യും.
തുടര്‍ന്ന് മെത്രാഭിഷേകത്തിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനായിരിക്കും. ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്‌റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് വചനസന്ദേശം നല്‍കും.
വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. വി. കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ ആശംസാപ്രസംഗങ്ങള്‍ നടത്തപ്പെടും. സീറോമലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹൃദയപള്ളി വികാരിയും ആശ്രമം പ്രയോരും മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മാതൃസഹോദരനുമായ റവ. ഫാ. തോമസ് കല്ലുകളം സി. എം. ഐ. എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മാര്‍ ജോര്‍ജ് കൂവക്കാട് എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കും.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കര്‍ദിനാളന്മാര്‍, മെത്രാന്മാര്‍, സംസ്ഥാന മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ. മാര്‍, കേന്ദ്രസംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും വൈദികര്‍, സന്യസ്തര്‍, അൽമായര്‍ എന്നിവരടങ്ങുന്ന 4000 ലധികം പ്രതിനിധികൾ പങ്കെടുക്കും.
മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. അതിരൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ആന്റണി ഏത്തക്കാട് ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. റവ. ഫാ. തോമസ് കറുകക്കളം, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കണ്‍വീനഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു. വൈദികരുടെ നേതൃത്വത്തില്‍ പന്ത്രണ്ട് കമ്മിറ്റികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തിരുകര്‍മങ്ങള്‍ നടത്തപ്പെടുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ വികാരി വെരി. റവ. ഫാ. ജോസ് കൊച്ചുപറമ്പില്‍, കൈക്കാരന്‍ ശ്രീ. ജോമി ജോസഫ് കാവാലംപുതുപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലും ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
പാര്‍ക്കിംഗ് സൗകര്യങ്ങള്‍
വി. ഐ. പി. വാഹന പാര്‍ക്കിംഗ്
കത്തീഡ്രല്‍ പള്ളിയുടെ ഗ്രൗണ്ടില്‍ വിശിഷ്ടാതിഥികളുടെ (VIP) വാഹനങ്ങള്‍ക്കു മാത്രമാണ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് (ഏകദേശം 80 വാഹനങ്ങള്‍).
വൈദികര്‍ക്കും സിസ്‌റ്റേഴ്‌സിനും വേണ്ടിയുള്ള പാര്‍ക്കിംഗ്
കാറുകളില്‍ വരുന്ന വൈദികര്‍, സിസ്‌റ്റേഴ്‌സ് എന്നിവര്‍ എസ്. ബി. കോളേജിന്റെ ഗേറ്റ് നമ്പര്‍ 1, 2 വഴി പ്രവേശിച്ച് ടവര്‍ ബ്ലോക്കിന്റെ മുന്‍വശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് അവിടെനിന്നു ക്രമീകരിച്ചിരിക്കുന്ന ട്രാവലറില്‍ കയറി കത്തീഡ്രല്‍ പള്ളിയിലേക്കു പോകേണ്ടതാണ്.
പള്ളികളില്‍ നിന്നുവരുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ്
ചങ്ങനാശേരി വാഴൂര്‍ റോഡിലൂടെ വരുന്ന മണിമല, നെടുകുന്നം, കുറുമ്പനാടം ഫൊറോനകളിലെ വാഹനങ്ങള്‍ റെയില്‍വേ ബൈപ്പാസില്‍നിന്നും വലതുവശത്തേക്ക് തിരിഞ്ഞും കവിയൂര്‍ റോഡ് വഴി വരുന്ന തൃക്കൊടിത്താനം ഫൊറോനയിലെ വാഹനങ്ങള്‍ എസ്. എച്ച്. സ്കൂള്‍ ജംഗ്ഷനില്‍നിന്നും വലത്തേക്കു തിരിഞ്ഞും പാലാത്ര ബൈപ്പാസ് വഴി എം. സി. റോഡില്‍ ഇറങ്ങി മതുമൂല വഴി എസ്. ബി. കോളേജ് ഗേറ്റ് നമ്പര്‍ 1, 2 വഴി പ്രവേശിച്ച് കാവുകാട്ട് ഹാളിന്റെ മുന്‍പിലുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അവിടെനിന്ന് ആളുകള്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Maxsâ) മുന്‍പില്‍കൂടിയുള്ള റോഡിലൂടെ കത്തീഡ്രല്‍ പള്ളിയിലേക്കു നടന്നുപോകുന്നു.
കോട്ടയം ഭാഗത്തുനിന്ന് എം. സി. റോഡിലൂടെ വരുന്ന അതിരമ്പുഴ, കോട്ടയം, കുടമാളൂര്‍, തുരുത്തി എന്നീ ഫൊറോനകളിലെ വാഹനങ്ങള്‍ മതുമൂല വഴിവന്ന് ഓക്‌സിജന്‍ ഷോറൂമിനോടു ചേര്‍ന്നുള്ള എസ്. ബി. കോളേജിന്റെ ഗേറ്റ് നമ്പര്‍ 3 വഴി പ്രവേശിച്ച് എസ്. ബി. കോളേജിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ചുറ്റുവട്ടങ്ങളിലായി പാര്‍ക്ക് ചെയ്യുകയും ആളുകള്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Maxsâ) മുന്‍പില്‍ക്കൂടിയുള്ള റോഡിലൂടെ കത്തീഡ്രല്‍ പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
കുട്ടനാട്ടില്‍നിന്ന് എ. സി റോഡിലൂടെ വരുന്ന പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, മുഹമ്മ എന്നീ ഫൊറോനകളിലെ വാഹനങ്ങള്‍ പുഴവാത് കുരിശടിയില്‍നിന്നും ഇടതുവശത്തേക്ക് തിരിഞ്ഞ് മീന്‍ചന്ത, വെജിറ്റബിള്‍ മാര്‍ക്കറ്റ്, കൊച്ചുപള്ളിയുടെ മുന്‍വശം, വണ്ടിപേട്ട എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുകയും അവിടെനിന്ന് ആളുകള്‍ കത്തീഡ്രല്‍ പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
തിരുവനന്തപുരം ഭാഗത്തുനിന്നും എടത്വായില്‍നിന്നും എം. സി. റോഡിലൂടെ വരുന്ന അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, എടത്വ ഫൊറോനകളിലെ വാഹനങ്ങള്‍ പെരുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിന്റെ മുന്‍വശത്തുനിന്ന് ഇടത്തേക്കു തിരിഞ്ഞ് റവന്യൂ ടവറിന്റെ പാര്‍ക്കിംഗ് സ്ഥലത്തും ചുറ്റുവട്ടങ്ങളലും പാര്‍ക്ക് ചെയ്യുകയും അവിടെനിന്ന് ആളുകള്‍ കത്തീഡ്രല്‍ പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
ചങ്ങനാശേരി ഫൊറോനയിലെ പള്ളികളില്‍നിന്നു വരുന്ന വാഹനങ്ങള്‍ എസ്. ബി. കോളേജിന്റെ എതിര്‍വശത്തുള്ള മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന്റെ പാര്‍ക്കിംഗ് ഏരിയായിലും സൈഡിലുമായി പാര്‍ക്ക് ചെയ്യുകയും അവിടെനിന്ന് ആളുകള്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Maxsâ) മുന്‍പില്‍ക്കൂടിയുള്ള റോഡിലൂടെ കത്തീഡ്രല്‍ പള്ളിയിലേക്ക് നടന്നു പോവുകയും ചെയ്യേണ്ടതാണ്.
ടൂവീലര്‍ പാര്‍ക്കിംഗ്
എല്ലാ ഫൊറോനകളില്‍നിന്നും ടൂവീലറുകളില്‍ വരുന്നവര്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Maxsâ) മുന്‍പില്‍ക്കൂടിയുള്ള റോഡില്‍ പ്രവേശിച്ച് ഇടിമണ്ണിക്കല്‍ ജൂവലേഴ്‌സിന്റെ പാര്‍ക്കിംഗ് ഏരിയായിലും അസ്സീസി ബുക്ക്സ്റ്റാളിന്റെ പാര്‍ക്കിംഗ് ഏരിയായിലും പാര്‍ക്ക് ചെയ്യുകയും അവിടെനിന്ന് ആളുകള്‍ കത്തീഡ്രല്‍ പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.