മ്യാൻമറിൽ കൊല്ലപ്പെട്ട പുരോഹിതന്റെ മരണത്തിൽ അപലപിച്ച് കർദിനാൾ ബോ

മ്യാൻമറിൽ ക്രൂരമായി കൊല്ലപ്പെട്ട പുരോഹിതന്റെ മരണത്തിൽ അദ്ദേഹത്തിനായി പ്രാർഥിച്ചുകൊണ്ടും അക്രമം അവസാനിപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ടും മ്യാൻമറിലെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റും യാങ്കോണിലെ ആർച്ചുബിഷപ്പുമായ കർദിനാൾ ചാൾസ് മൗങ്‌ ബോ. ഫെബ്രുവരി 14ന് ആയുധധാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മണ്ടാലയിലെ കത്തോലിക്കാ അതിരൂപതയിലെ പുരോഹിതനായ ഫാ. ഡൊണാൾഡ് മാർട്ടിൻ യെ നയിങ്‌ വിന്നിനോടുള്ള അനുശോചന കുറിപ്പിലാണ് കർദിനാൾ ബോ ഇപ്രകാരം പങ്കുവച്ചത്.

“രാജ്യമെമ്പാടും നടമാടുന്ന അക്രമം അവസാനിക്കുന്നതിനുള്ള ഒരു കാഴ്ചദ്രവ്യമായി ഫാ. ഡൊണാൾഡ് മാർട്ടിൻ യെ നയിങ്‌ വിന്നിന്റെയും നിരപരാധികളായ മറ്റനേകം പേരുടെയും വേദനകളും ത്യാഗങ്ങളും അർപ്പിക്കട്ടെ. എല്ലാ ജീവന്റെയും നാഥനായ പിതാവായ ദൈവം നിങ്ങളുടെയും ഞങ്ങളുടെയും ദുഃഖിതഹൃദയങ്ങളെ ആശ്വസിപ്പിക്കട്ടെ” കർദിനാൾ ബോ പ്രാർഥിച്ചു. ഫാ. റൊണാൾഡിനെ നമുക്ക് മറക്കാൻ കഴിയില്ലെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാനും നീതി ഉറപ്പാക്കാനും അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

സംഘർഷം തുടരുന്ന മ്യാൻമാറിൽ ജനുവരി 25ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച മിൻഡാറ്റ് രൂപതയുടെ കത്തീഡ്രൽ ആയി തിരഞ്ഞെടുത്ത സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ദൈവാലയത്തിൽ മ്യാൻമറിലെ സൈനിക ഭരണകൂടം ഫെബ്രുവരി ആറിന് ബോംബാക്രമണം നടത്തി. തുടർന്ന് ഫെബ്രുവരി 14 നാണ് ഫാ. റൊണാൾഡ് ആയുധധാരികളാൽ ക്രൂരമായി കൊലചെയ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.