കർദിനാൾ പദവി രക്തസാക്ഷിത്വത്തിലേക്കുള്ള ആഹ്വാനമെന്ന് ഫിലിപ്പീൻസിലെ നിയുക്ത കർദിനാൾ

ഡിസംബർ ഏഴിന് വത്തിക്കാനിൽ നടക്കുന്ന സമ്മേളനത്തിൽ നിയുക്ത 21 കർദ്ദിനാൾമാരിൽ ഒരാളായ ഫിലിപ്പീൻസിലെ കലൂക്കനിലെ ബിഷപ്പ് പാബ്ലോ വിർജിലിയോ സിയോങ്‌കോ ഡേവിഡ് ശ്രദ്ധാകേന്ദ്രമാകുന്നത് ചില പ്രത്യേക കാരണങ്ങൾകൊണ്ടാണ്. മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും മനുഷ്യന്റെ അന്തസ്സിനെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന് ഈ പുതിയ നിയമനത്തിന് കൂടുതൽ വിശ്വാസ്യതയും നിയമസാധുതയും നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നിയുക്ത കർദിനാൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ദശലക്ഷക്കണക്കിനു ആളുകളെ നിർബന്ധിത തൊഴിലിലേയ്ക്ക് തള്ളിവിട്ട ഭരണകൂടത്തിന്റെ അനാസ്ഥയെ ബിഷപ്പ് ഡേവിസ് ചോദ്യം ചെയ്തിരുന്നു. പാവപ്പെട്ട ജനങ്ങൾ ഫാമുകളിൽ വച്ച് കൊല്ലപ്പെടുകയോ മറ്റ് കാരണങ്ങളാൽ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായിരിക്കെ കുറ്റകൃത്യങ്ങൾ തടയാൻ താൻ ഒരു ‘ഡെത്ത് സ്ക്വാഡ്’ നിലനിറുത്തിയിരുന്നുവെന്ന് മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് സമ്മതിച്ചതായി ഒക്ടോബർ 29 ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് തന്നെ അവിടെ നടക്കുന്ന പ്രശ്നങ്ങളുടെ തെളിവാണ്.

ഫിലിപ്പീൻസ് സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ കാമ്പയിനിൽ 20,000-ത്തോളം പേർ ഇതുവരെ മരിച്ചതായി മനുഷ്യാവകാശ സംഘടനകൾ കണക്കാക്കിയിട്ടുണ്ട്. കുറഞ്ഞത് 2,555 കൊലപാതകങ്ങൾ ഫിലിപ്പൈൻ നാഷണൽ പോലീസാണ് നടത്തിയതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സംഘടന വെളിപ്പെടുത്തി.
2017 ഓഗസ്റ്റിൽ വടക്കൻ മനിലയുടെ അതിർത്തിയിലുള്ള കാലൂക്കൻ സിറ്റിയിൽ 17 വയസ്സുള്ള കിയാൻ ഡെലോസ് സാന്റോസിനെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നപ്പോഴും ബിഷപ്പ് ഡേവിസ് ശക്തമായി പ്രതികരിച്ചിരുന്നു. നിരപരാധികളെ പോലീസ് കൊലപ്പെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം മുന്നിൽവെച്ചാണ് അദ്ദേഹം നീതിക്കായി വാദിച്ചത്. അതിനു പിന്നാലെ ബിഷപ്പ് ഡേവിഡിന് വധഭീഷണിയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

65 കാരനായ ബിഷപ്പ് ഡേവിഡ്, ഒരു പത്രത്തിനു നൽകിയ സന്ദേശത്തിൽ പറഞ്ഞത് ഇപ്രകാരമാണ്: ‘കർദ്ദിനാൾ എന്ന് നാമകരണം ചെയ്യപ്പെടുന്ന ചടങ്ങിൽ നിയുക്ത വ്യക്തികളെ അവരുടെ വസ്ത്രത്തിന്റെ ഭാഗമായി ചുവപ്പ് നിറം ധരിപ്പിക്കും. അവയിൽ ചുവന്ന തൊപ്പിയും, കഴുത്തിൽ ചുവന്ന മാലയും ഉൾപ്പെടുന്നുണ്ട്. ഇത് പ്രധാനമായും രക്തസാക്ഷിത്വത്തിലേക്കുള്ള ആഹ്വാനമാണ്. സുവിശേഷത്തിനുവേണ്ടി രക്തം ചൊരിയാനുള്ള സന്നദ്ധതയ്ക്കുള്ള അറിയിപ്പാണ്. അതിനെ ഒരു ബഹുമതിയായി കരുതുന്നത് പൂർണ്ണമായും തെറ്റിദ്ധരിക്കലാണ്. ‘ശ്രേഷ്ഠൻ’ എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ ‘സേവകൻ’ എന്ന് വിളിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’

2021 മുതൽ ഫിലിപ്പീൻസിലെ കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ് കോൺഫറൻസസിന്റെ ഇൻകമിംഗ് വൈസ് പ്രസിഡന്റും ആയ അദ്ദേഹം, തൻ്റെ രൂപത ഇതിനകം തന്നെ മറ്റ് ഫിലിപ്പൈൻ രൂപതകൾക്ക് ഒരു മാതൃകയായി കാണപ്പെടുന്നു എന്ന് പറഞ്ഞു. അത് സമൂഹത്തിന്റെയും സഭയുടെയും അരികിലുള്ളവരിലേക്ക് എത്തിച്ചേരുകയും സഭയെ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

നിയുക്ത കർദ്ദിനാൾ ഡേവിഡ്, ബെൽജിയത്തിലെ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവനിൽ നിന്ന് ദൈവശാസ്ത്ര ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.