നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മൈനർ സെമിനാരി റെക്ടർ ഫാ. തോമസ് ഒയോഡ് മോചിതനായി. ഒക്‌ടോബർ 27 ന് ആയിരുന്നു നൈജീരിയയിലെ ഓച്ചി രൂപതയിലെ അമലോത്ഭവ മൈനർ സെമിനാരിയുടെ റെക്ടർ ഫാദർ തോമസിനെ തട്ടിക്കൊണ്ടു പോയത്.
രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാദർ പീറ്റർ എഗിലേവ പുറത്തിറക്കിയ പ്രസ്താവനയിൽ ഫാ. ഒയോഡിന്റെ മോചനത്തിന്റെ വിശദാംശങ്ങൾ നൽകി. ‘ഫാ. തോമസ് ഒയോഡിനെ നവംബർ ആറ് ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെ മോചിപ്പിച്ചു. രൂപതയ്‌ക്കകത്തും പുറത്തുമുള്ള കത്തോലിക്കാ വിശ്വാസികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള നല്ല മനസ്സുള്ള നൈജീരിയക്കാർ, സുഹൃത്തുക്കൾ, എന്നിവരുൾപ്പെടെ, ഫാ. ഒയോഡ് ബന്ദിയാക്കപ്പെട്ടതിനുശേഷം ലഭിച്ച പ്രാർഥനയ്ക്കും ധാർമ്മിക പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു.’
സെമിനാരിയിൽ സായാഹ്ന പ്രാർഥനയ്ക്കിടെയാണ് ഫാ. ഒയോഡിനെ തട്ടിക്കൊണ്ടു പോയത്. എഡോ സ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്.