കാമറൂണിൽ പത്തോളം സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ബമെൻഡയിലെ ആർച്ചുബിഷപ്പ് ആൻഡ്രൂ എൻകിയ. ജൂലൈ 16-ന് സൈനികവസ്ത്രം ധരിച്ച ആളുകൾ ജംഗ്ഷനിൽ അതിക്രമിച്ചുകയറി സാധാരണക്കാരായ പത്തുപേരെ കൊലപ്പെടുത്തുകയായിരുന്നു. കാമറൂൺ മിലിട്ടറിയെന്നു സംശയിക്കുന്ന ആളുകൾ ബമെൻഡയുടെ അതേ പരിസരത്ത് അഞ്ച് കൗമാരക്കാരെ കൊലപ്പെടുത്തിയതിനുപിന്നാലെയാണ് വീണ്ടും ഇത്തരത്തിൽ ദാരുണമായ സംഭവമുണ്ടായത്.
ജൂലൈ 17-ന് സംഭവസ്ഥലത്തു പോയി ഇരകളുടെ ഓർമ്മയ്ക്കായി മെഴുകുതിരികൾ കത്തിച്ച് ബമെൻഡയിലെ ആർച്ചുബിഷപ്പ് ആൻഡ്രൂ എൻകിയ പ്രത്യേക പ്രാർഥന നടത്തി. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “നിരപരാധികളായ ആളുകളായായിരുന്നു എല്ലാവരും. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഞങ്ങൾക്ക് പതിനേഴ് ജീവനുകൾ നഷ്ടപ്പെട്ടു. ഇതെല്ലാം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ആളുകൾക്ക് അവരുടെ സാധാരണ ജീവിതവുമായി വീണ്ടും സഞ്ചരിക്കാൻ കഴിയട്ടെ. റുവാണ്ടയിൽ സംഭവിച്ചതു നോക്കൂ. ഞങ്ങൾക്ക് അത് ഇവിടെ വേണ്ട. ഞങ്ങളുടെ ആളുകൾ, അവരുടെ സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു” – ബിഷപ്പ് എൻകിയ പറഞ്ഞു.
“കൊലയാളികൾ രണ്ട് വാഹനങ്ങളിലായാണ് വന്നത്. അവർ സൈനിക ഗിയർ ധരിച്ചിരുന്നു. അവർ ആളുകളുടെ വീടുകൾ ആക്രമിക്കുകയും അവർ തിരയുന്നവരെ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് അവർ ആളുകളെ ജംഗ്ഷനിലേക്ക് കൊണ്ടുവന്ന് വെടിവയ്ക്കാൻ തുടങ്ങി. കൊല്ലപ്പെട്ടവരിൽ നവദമ്പതികളും ഉൾപ്പെടുന്നു. വഴിതെറ്റിയ ബുള്ളറ്റിൽ മോട്ടോർ ബൈക്ക് യാത്രികൻ കുടുങ്ങി. ഒരു പാം വൈൻ വില്പനക്കാരനും ജീവൻ നഷ്ടപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു” – സുരക്ഷയുടെ ഭാഗമായി പേരു വെളിപ്പെടുത്താത്ത ഒരു സാക്ഷി പറഞ്ഞു.