
ഉക്രേനിയൻ നഗരമായ സുമിയിൽ ഓശാന ഞായറാഴ്ച പള്ളിയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതസംസ്കാരം നടത്തി. സംഭവത്തിൽ 34 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സാധാരണക്കാർ പള്ളിയിലേക്ക് യാത്ര ചെയ്ത ബസിൽ ഉണ്ടായവരും ആക്രമണത്തിൽ ഇരയായിരുന്നു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്.
ഓശാന ഞായർ ആഘോഷിക്കാനെത്തി ഒടുവിൽ മരണത്തിന് കീഴടങ്ങിയവരെ ബന്ധുക്കൾ തുറന്ന ശവപ്പെട്ടികളിൽ ആക്കി അടുത്തായി വെച്ചു. അവർക്ക് ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങൾ അണിയിച്ച് ഒരുക്കിയിരുന്നു. ഒടുവിൽ പ്രാർത്ഥനകൾക്ക് ശേഷം അവരെയെല്ലാം മണ്ണിട്ട് മൂടുമ്പോൾ ബന്ധുക്കളുടെ വിഷമവും കരച്ചിലും, കണ്ട് നിന്നവരെ പോലും ഈറനണിയിച്ചു.
ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഒരു റഷ്യൻ ഇസ്‌കാൻഡർ മിസൈൽ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുകയും ബസിന് സമീപം പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു മിസൈൽ 200 മീറ്റർ അകലെയുള്ള സർവകലാശാലയുടെ കോൺഫറൻസ് സെന്ററിൽ ഇടിച്ചു. “മരിച്ചവരും പരിക്കേറ്റവരും ഡസൻ കണക്കിന് സാധാരണക്കാർ” ആയിരുന്നു എന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സംഭവ ശേഷം പറഞ്ഞിരുന്നു.