ക്രിസ്തുവിന്റെ രാജത്വത്തിൽ വേരൂന്നിയ ഒരു ലോകം കെട്ടിപ്പടുക്കാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തുരാജന്റെ തിരുനാൾദിനവും ആരാധനാവർഷത്തിന്റെ സമാപനവും ലോക യുവജനദിനവും അനുസ്മരിച്ച നവംബർ 24 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മധ്യേ യുവജനങ്ങൾക്കു നൽകിയ സന്ദേശത്തിലാണ് ഇപ്രകാരം അനുസ്മരിപ്പിച്ചത്.
ആരോപണങ്ങളെ മറികടക്കാനും പൊള്ളയായ സമവായങ്ങളിൽ ഏർപ്പെടാതിരിക്കാനും എല്ലായ്‌പ്പോഴും സത്യത്തിൽ തുടരാനും ഉദ്ബോധിപ്പിച്ചുകൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെയും പ്രയാസങ്ങളെയും പ്രത്യാശയോടും ധൈര്യത്തോടുംകൂടി എങ്ങനെ നേരിടാമെന്നും ക്രിസ്തീയമായ സന്തോഷവും സ്നേഹവും എങ്ങനെ നിലനിർത്താമെന്നും തന്റെ സന്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കി. ക്രിസ്തീയസാക്ഷ്യത്തിന് ശക്തി നൽകുന്ന ചെറിയ വിളക്കുകളായി ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വസ്തതയെയും കുട്ടികളുടെ നിഷ്കളങ്കമായ സന്തോഷത്തെയും പ്രായമായവരെ പരിപാലിക്കാനും എല്ലാവരെയും ഉത്സാഹപൂരിതരാക്കാനുമുള്ള യുവജനങ്ങളുടെ ആവേശത്തെയും മാർപാപ്പ എടുത്തുകാട്ടി.
വിശുദ്ധ കുർബാനയുടെ സമാപനത്തിൽ ആഗോള യുവജനദിനത്തിന്റെ മുന്നോടിയായി പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ഐക്കണും 1984 ൽ വി. ജോൺ പോൾ മാർപാപ്പ യുവജനങ്ങൾക്കു നൽകിയ കുരിശും പ്രതീകാത്മകമായി കൈമാറി.