ഘാനയിലെ കത്തോലിക്കാ രൂപതയായ ജാസിക്കനിലെ മൂന്ന് ഇന്ത്യൻ കത്തോലിക്കാ മിഷനറി വൈദികർക്കുനേരെ ആക്രമണം. ജസിക്കൻ രൂപതയിലെ സെന്റ് മൈക്കിൾസ് ക്പാസ ഇടവകയിലെ ഇന്ത്യക്കാരായ മൂന്ന് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ വൈദികർക്കുനേരെയാണ് ആക്രമണം നടന്നത്. ഡിസംബർ 11 ന് എൻക്വാന്റയിലെ പെട്രോൾ സ്റ്റേഷനിൽ രോഷാകുലരായ ജനക്കൂട്ടം വൈദികരെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. 2005 മുതൽ ഘാനയിൽ മിഷനറിമാരായ ഇവർ ഒട്ടി മേഖലയിലെ എൻക്വാണ്ട-നോർത്ത് ഡിസ്ട്രിക്ടിലെ ക്പാസയിൽ താമസിക്കുകയും ശുശ്രൂഷ ചെയ്യുന്നവരുമാണ്. ഡിസംബർ 11 ന്, ഇവർ എൻക്വാണ്ട-സൗത്ത് ഇടവകയിലെ ചൈസോയിൽ ഒരു കെട്ടിടം പണിയാൻ പദ്ധതിയിട്ട സ്ഥലത്ത് ജോലിചെയ്യുന്നതിനായി എൻക്വാണ്ട-സൗത്ത് ഇടവകയിൽനിന്ന് ഒരു ബുൾഡോസർ വാടകയ്ക്ക് എടുത്തപ്പോഴായിരുന്നു സംഭവം.
വാഹനത്തിന് സമ്മതിച്ച വാടക നൽകിയശേഷം മൂന്ന് കപ്പൂച്ചിൻ സന്യാസിമാർ രണ്ട് മുനിസിപ്പൽ ഉദ്യോഗസ്ഥർക്കൊപ്പം അത് ചായ്‌സോയിലേക്കു കൊണ്ടുപോയി. ഒരു പെട്രോൾ സ്റ്റേഷനിലെത്തി ബുൾഡോസറിന്റെ ടാങ്ക് നിറയ്ക്കാൻ പോയപ്പോൾ, ബുൾഡോസർ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം ഇവരെ അക്രമിക്കുകയായിരുന്നു. മൂന്ന് വൈദികരും രണ്ട് മുനിസിപ്പൽ ഉദ്യോഗസ്ഥരും 30 മിനിറ്റോളം ക്രൂരമായ മർദനത്തിന് ഇരയായി. ഘാനയിലെ ഇമിഗ്രേഷൻ സേവനത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷിച്ചത്.
മോഷണം നടത്തി എന്ന വ്യാജ ആരോപണമാണ് ജനക്കൂട്ടം വൈദികർക്കെതിരെ ഉയർത്തിയത്. പൊലീസിൽ അറിയിച്ചതും ഇക്കാര്യമാണ്. പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തെങ്കിലും ജസിക്കൻ രൂപത വികാരി ജനറാൾ ഇടപെട്ടതിനെ തുടർന്ന് ഇവരെ പിന്നീട് വിട്ടയയ്ക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. ഫാ. ഫ്രാങ്കിന്റെ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു. ഘാനയിലെ ബിഷപ്പും ഘാന ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റുമായ ബിഷപ്പ് മാത്യു ക്വാസി ഗ്യാംഫിയുമായി ഘാന പൊലീസ് മേധാവി ബന്ധപ്പെടുകയും സംഭവത്തെക്കുറിച്ച് പൂർണ്ണമായി അന്വേഷിക്കുമെന്നും ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഉറപ്പ് നൽകി.