ത്യാഗത്തിന്റെയും സഹനത്തിന്റെയും ദീപ്തസ്മരണ ഉണർത്തുന്ന നോമ്പുകാലത്ത് ക്രിസ്തുവിന്റെ പീഡാനുഭവത്തെ ധ്യാനിക്കാനും അവന്റെ പാത പിന്തുടർന്ന് സഹനാനുഭവങ്ങളിൽ ദൈവഹിതം കണ്ടെത്തി അതിനെ അംഗീകരിക്കാനും ഉൾക്കൊള്ളാനും നമ്മെ ഒരുക്കുന്ന ചെറുപുസ്തകമാണ് ഫാ. ജോയി ചേഞ്ചേരിലിന്റെ ‘നിർമലദുഃഖങ്ങൾ.’ സഹനത്തിന്റെ മറുപുറത്തെ, വചനാത്മക വ്യാഖ്യാനത്തിലൂടെ ഇവിടെ അവതരിപ്പിക്കുമ്പോൾ ജീവിതസംഘർഷങ്ങളിൽ ഉഴലുന്ന ആധുനിക മനുഷ്യന് അത് ആശ്വാസവും സാന്ത്വനവും പ്രത്യാശയും പ്രതീക്ഷയും വഴികാട്ടിയും ആവുകയാണ്.
ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ വളച്ചുകെട്ടില്ലാതെ, ലളിതമായി, ഹ്രസ്വമായി ഇവിടെ ചിത്രീകരിക്കുന്നു. വിശ്വാസാധിഷ്ഠിതമായി ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന നിർമലദുഃഖങ്ങൾ വിപുലമായ ജീവിതദർശനമാണ് മുന്നോട്ടുവയ്ക്കുന്നത്. കേവലം എൺപതു പേജുകളിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ട് 28 അധ്യായങ്ങളിലൂടെ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളെ വരച്ചുകാട്ടുമ്പോൾ നിർമലദുഃഖങ്ങൾ ഒരു അനുഭവമായി മാറുകയാണ്. ജീവിതത്തിന്റെ ദുഃഖാനുഭവങ്ങളിൽ കാലിടറാതെ, പലായനം ചെയ്യാതെ അതിനെ ക്ഷമയോടെ പുൽകാൻ ഈ പുസ്തകം നമ്മെ ക്ഷണിക്കുന്നു.
പ്രസംഗത്തിനും ധ്യാനത്തിനും ഉപയുക്തം! മധ്യസ്ഥൻ പബ്ലിക്കേഷൻസ്, വില 80 രൂപ.