![myan](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/myan.jpg?resize=696%2C435&ssl=1)
മ്യാൻമറിലെ കത്തോലിക്കാ ദൈവാലയത്തിലെ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനും വിശ്വാസത്തിനുംവേണ്ടി പ്രാർഥിച്ച് മ്യാൻമറിലെ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായ യാങ്കോണിലെ ആർച്ച്ബിഷപ്പ് കർദിനാൾ ചാൾസ് മൗങ് ബോ. ലൂർദ് മാതാവിന്റെ തിരുനാളിനെ അനുസ്മരിച്ചുകൊണ്ടു നടത്തിയ സർവമത പ്രാർഥനായജ്ഞത്തിലാണ് വിശ്വാസവും സമാധാനവും സംരക്ഷിക്കപ്പെടുന്നതിനായി കർദിനാൾ ബോയുടെ നേതൃത്വത്തിൽ പ്രാർഥിച്ചത്.
“സംഘർഷങ്ങളാലും പ്രക്ഷോഭങ്ങളാലും മൂടപ്പെട്ട ഈ ലോകത്തിൽ നമുക്ക് നമ്മുടെ കണ്ണുകൾ സമാധാനത്തിന്റെ അമ്മയായ മറിയത്തിലേക്കു തിരിക്കാം. അവൾ നമ്മിൽ ആന്തരികമായ സമാധാനം വളർത്തിയെടുക്കാനും പ്രശ്നഭരിതമായ നമ്മുടെ ലോകത്ത് സമാധാനത്തിന്റെ ദൂതന്മാരാകാനും നമ്മെ ക്ഷണിക്കുന്നു” – കർദിനാൾ ബോ പങ്കുവച്ചു. അഭയാർഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ തിരുകുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹം വിശ്വാസികളെ ഓർമ്മപ്പെടുത്തി.
ജനുവരി 25ന് ഫ്രാൻസിസ് മാർപാപ്പ മിൻഡാറ്റ് രൂപതയുടെ കത്തീഡ്രൽ ആയി തിരഞ്ഞെടുത്ത ദൈവാലയത്തിലായിരുന്നു ഫെബ്രുവരി ആറിന് ആക്രമണം നടന്നത്. വ്യോമാക്രമണത്തിൽ മേൽക്കൂരയ്ക്കും ജനാലകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ് ദൈവാലയം ഇപ്പോഴുള്ളത്.