
ബൊളീവിയയിലെ മിഷനറിയായിരുന്ന ബിഷപ്പ് നിക്കോളാസ് കാസ്റ്റെല്ലാനോസ് അന്തരിച്ചു. ഫെബ്രുവരി 19 ന് മരണമടഞ്ഞ ബിഷപ്പ് കാസ്റ്റെല്ലാനോസ് ബൊളീവിയയിൽ മിഷനറിയായി ശുശ്രൂഷ ചെയ്യാനായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അനുമതിയോടെ 1991 ലാണ് സ്പാനിഷ് രൂപത വിട്ടത്.
1935-ൽ സ്‌പെയിനിലെ ലിയോൺ എന്ന സ്ഥലത്തെ മൻസില്ല ഡെൽ പരാമോയിൽ ജനിച്ച ഇദ്ദേഹം കൗമാരപ്രായത്തിൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിനിൽ ചേർന്ന് 18-ാം വയസ്സിൽ ആദ്യ വ്രതവും 1959-ൽ പുരോഹിതനുമായി അഭിഷിക്തനായി. തുടർന്ന് 1973-ൽ അഗസ്തീനിയൻസിന്റെ പ്രൊവിൻഷ്യലായും അഞ്ചുവർഷത്തിനുശേഷം പാലൻസിയയിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മറ്റു പദവികളും അദ്ദേഹത്തെ തേടി വന്നെങ്കിലും ഒരു മിഷനറിയാവുക എന്ന ദൈവത്തിന്റെ വിളി തിരിച്ചറിയുകയും അതിന്റെ ഭാഗമായി 1991-ൽ അദ്ദേഹം മെത്രാൻ സ്ഥാനത്തു നിന്നുള്ള രാജി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് സമർപ്പിച്ചു. പിന്നീട് അദ്ദേഹം ബൊളീവിയയിലെ തീക്ഷ്ണതയുള്ള മിഷണറിയായി ശുശ്രൂഷ ചെയ്തു.
“ഒരു മിഷനറിയായിരിക്കുക എന്നത് മാമോദിസ സ്വീകരിച്ച ഓരോ വ്യക്തിയുടെയും വിളിയുടെ ഭാഗമാണ്. ഒരു ബിഷപ്പ് എന്ന നിലയിൽ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ പ്രസംഗിച്ച കാര്യങ്ങൾ പ്രായോഗികമാക്കാനുള്ള ഒരു അവസരമായി ഈ വിളിയെ സ്വീകരിക്കുന്നു” എന്നാണ് തന്റെ മിഷൻ ദൗത്യത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.