ആധുനിക കോമഡിയുടെ തുടക്കക്കാരിലൊരാളും ആഴമായ കത്തോലിക്കാ വിശ്വാസത്തിനുടമയുമായ ബോബ് ന്യൂഹാർട്ട് അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്. ജൂലൈ 18 വ്യാഴാഴ്ച, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ വീട്ടിൽവച്ചാണ് ഇല്ലിനോയിസ് സ്വദേശിയായ ബോബ് ന്യൂഹാർട്ട് അന്തരിച്ചത്.
1929-ൽ ചിക്കാഗോ നഗരപ്രാന്തമായ ഓക്ക് പാർക്കിൽ ജനിച്ച ന്യൂഹാർട്ട് 1960-കളിൽ തന്റെ സ്റ്റാൻഡ്-അപ്പ് കോമഡിയിലൂടെ ശ്രദ്ധേയനായി. ഹിറ്റ് സി. ബി. എസ്. ടെലിവിഷൻ ഷോകളായ ‘ദി ബോബ് ന്യൂഹാർട്ട് ഷോ’, ‘ന്യൂഹാർട്ട്’ എന്നിവയിൽ അദ്ദേഹം അഭിനയിച്ചു. ‘എൽഫ്’ എന്ന ചിത്രത്തിലെയും ‘ദി ബിഗ് ബാംഗ് തിയറി’യിലെയും സഹകഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായി.
കത്തോലിക്കനായി വളർന്ന ന്യൂഹാർട്ട്, ചിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനുമുമ്പ് സെന്റ് ഇഗ്നേഷ്യസ് കോളേജ് പ്രെപ്പ് ഉൾപ്പെടെ ചിക്കാഗോയിലെ നിരവധി കത്തോലിക്കാ സ്കൂളുകളിൽ പഠിച്ചു; അവിടെനിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. 2013-ൽ കത്തോലിക്കാ ബിസിനസ് ഗ്രൂപ്പായ ലെഗറ്റസിനോട് അദ്ദേഹം തമാശയായി പറഞ്ഞു: “ജീവിതത്തെക്കുറിച്ചുള്ള എന്റെ കുറച്ചുകൂടി വളച്ചൊടിച്ച വീക്ഷണത്തിന് ജെസ്യൂട്ട് വൈദികർ ക്രെഡിറ്റ് നൽകി.”
1963-ൽ ന്യൂഹാർട്ട്, വിർജീനിയയെ വിവാഹം ചെയ്തു. അന്നുമുതൽ വിശുദ്ധവും കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെട്ടതുമായ ഒരു ദാമ്പത്യജീവിതം നയിക്കാൻ ഇവർക്കു കഴിഞ്ഞിരുന്നു. ദശാബ്ദങ്ങൾ നീണ്ട ദാമ്പത്യം സുസ്ഥിരമായി നിലനിർത്താൻ തങ്ങളുടെ കത്തോലിക്കാ വിശ്വാസം സഹായിച്ചതായി 2013-ൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ആഴ്ചയിൽ രണ്ടുദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു ന്യൂഹാർട്ട്. ദൈവസഹായത്താൽ ഭാര്യയ്ക്കുണ്ടായ കരൾ അർബുദത്തെ മറികടക്കാൻ ഈ ദമ്പതികൾക്കു കഴിഞ്ഞു. ഈ അനുഗ്രഹം ലഭിച്ചതിനാൽ തുടർന്നുള്ള ജീവിതത്തിലുടനീളം ഇരുവരും ദൈവത്തോട് പ്രത്യേകം നന്ദിപറഞ്ഞു പ്രാർഥിച്ചിരുന്നു.
അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസം ഹോളിവുഡ് സുഹൃത്തുക്കൾക്കിടയിൽ പ്രസിദ്ധമായിരുന്നു. ന്യൂഹാർട്ടുമായി ദീർഘകാല സൗഹൃദമുണ്ടായിരുന്ന നടൻ ഡോൺ റിക്കിൾസ് 2012-ൽ തമാശയായി ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ആപ്പിളും ഓറഞ്ചുമാണ്. ഞാൻ ജൂതനാണ്; അദ്ദേഹം കത്തോലിക്കനാണ്. ന്യൂഹാർട്ട് നിശ്ശബ്ദനാണ്; ഞാൻ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളും.”