
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായ അഭിവന്ദ്യ ബസേലിയോസ് ജോസഫ് തിരുമേനിയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്കും പൊതുസമൂഹത്തിനും കൂടുതൽ അനുഗ്രഹത്തിനു കാരണമാകട്ടെയെന്നു മാർ റാഫേൽ തട്ടിൽ പിതാവ്. പുതിയ കാതോലിക്കയായി ഉയർത്തപ്പെട്ട അഭിവന്ദ്യ ബസേലിയോസ് ജോസഫ് തിരുമേനിയ്ക്കു നല്കിയ അഭിനന്ദനസന്ദേശത്തിലാണ് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഇപ്രകാരം ആശംസിച്ചത്.
സാഹോദര്യത്തിലും ഐക്യത്തിലും സ്നേഹത്തിന്റെ കൂട്ടായ്മയിലും സഭയെ നയിക്കാൻ പരിശുദ്ധാത്മാവിന്റെ നൽവരങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വ ശുശ്രൂഷയിൽ ഉണ്ടാകട്ടെയെന്ന് മാർ തട്ടിൽ ആശംസ സന്ദേശത്തിൽ പറഞ്ഞു. യാക്കോബായ സഭാവിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും സമൂഹത്തിലെ പാവങ്ങൾക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുതിയ ശ്രേഷ്ഠ ഇടയന്റെ ശുശ്രൂഷകൾ ഉതകുന്നതാകട്ടെ. ആഗോള ക്രൈസ്തവ സഭയുടെ കൂട്ടായ്മയ്ക്കും അഭിവൃദ്ധിയ്ക്കുമായി ആത്മാർപ്പണം ചെയ്യാനും നിസ്വാർഥ സേവനമുറപ്പാക്കാനും ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് ജോസഫ് തിരുമേനിയ്ക്കു സാധിക്കട്ടെയെന്നും മാർ തട്ടിൽ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.