മെക്സിക്കൻ ജനത അക്രമത്താൽ ചുറ്റപ്പെട്ടിരിക്കുന്നു എന്ന് ആശങ്ക പ്രകടിപ്പിച്ച് മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (CEM). വിദ്യാഭ്യാസത്തിനും സമാധാനത്തിനുംവേണ്ടി പ്രാർഥിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 20-ന്, രാജ്യത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പ്രത്യേകം വിശുദ്ധ കുർബാനയർപ്പിച്ചു പ്രാർഥിക്കാനും ബിഷപ്പുമാർ ആവശ്യപ്പെട്ടു.
2018 ഡിസംബർ ഒന്നിന് പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പ്രസിഡന്റ്സ്ഥാനം ഏറ്റെടുത്തതിനുശേഷം, സുരക്ഷാ-പൗരസംരക്ഷണ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, മെക്സിക്കോയിൽ, മനഃപൂർവമുള്ള 1,31,507 കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പണം നൽകാത്തതിനെ തുടർന്ന് അക്രമിയുടെ കുത്തേറ്റ മിലാഗ്രോസ് എന്ന യുവതിയുടെ കൊലപാതകമാണ് സമീപ ആഴ്ചകളിലെ ഏറെ വേദനിപ്പിക്കുന്ന കേസുകളിലൊന്ന്.
“സമാധാനത്തിന്റെ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പ്രാർഥനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ലഭിക്കുന്ന ഉപകരണങ്ങളുടെ സമർഥമായ ഉപയോഗത്തിലൂടെ മാത്രമേ അക്രമത്തെ മറികടക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ് സ്നേഹത്തെ ശക്തിപ്പെടുത്തുകയും മുറിവുകളുണക്കാൻ സഹായിക്കുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്” – മെക്സിക്കൻ ബിഷപ്പുമാർ ചൂണ്ടിക്കാട്ടുന്നു.