മുസ്ലിമുകളുടെ മതഗ്രന്ഥാമായ ഖുർ-ആനെ അവഹേളിച്ചെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയിലെ ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഭവനങ്ങൾക്കുംനേരെ ആക്രമണങ്ങൾ നടത്തിയതിൽ കാറാച്ചിയിലെ ബിഷപ്പുമാർ അപലപിച്ചു. ഫൈസലാബാദിലെ ജരൻവാലയിൽ മതനിന്ദാകുറ്റം ചുമത്തി ക്രിസ്തവർക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാർ തങ്ങളുടെ ആവശ്യം വ്യക്തമാക്കിയത്.
“അവിശ്വസനീയവും അപ്രതീക്ഷിതവുമായ അക്രമങ്ങളായിരുന്നു നേരിട്ടത്. അനിയന്ത്രിതമായ ദേഷ്യവും വെറുപ്പും ക്രിസ്ത്യൻസമൂഹം അഭിമുഖീകരിക്കേണ്ടിവന്നു” – കറാച്ചി ആർച്ചുബിഷപ്പ് ബെന്നി ട്രാവാസ് വെളിപ്പെടുത്തി.എന്റെ അജഗണങ്ങൾ മറ്റു മതങ്ങളോടോ, അവരുടെ മതഗ്രന്ഥങ്ങളോടോ അനാദരവ് കാണിക്കുകയില്ല. ക്രിസ്ത്യൻസമൂഹം പാക്കിസ്ഥാൻ രാഷ്ട്രത്തോടുള്ള തങ്ങളുടെ വിശ്വസ്തത പുലർത്തിക്കൊണ്ടാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത്തരം അക്രമങ്ങൾ യഥാർഥത്തിൽ ക്രിസ്ത്യാനികൾ രണ്ടാംതരം പൗരന്മാരാണെന്നും അവരെ ഇഷ്ടംപോലെ ഭയപ്പെടുത്താമെന്നുമുള്ള സർക്കാരിന്റെ നിലപാടാണ് വെളിപ്പെടുത്തുന്നത്. നിയമം കൈയിലെടുക്കുകയും ദേവാലയങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും നിരവധി ആളുകളുടെ ഭവനങ്ങളടക്കം നശിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം” – ദുരിതമനുഭവിക്കുന്ന ക്രൈസ്തവസമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആർച്ചുബിഷപ്പ് ബെന്നി ട്രാവാസ് സർക്കാരിനോട് ആവശ്യപ്പെട്ടു.