നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിന്റെ അടിച്ചമർത്തലിനുകീഴിൽ അന്യായമായി തടവിലാക്കപ്പെട്ട മതഗൽപ്പ ബിഷപ്പിനു പിന്തുണയുമായി സെൻട്രൽ അമേരിക്കയിലെ സൊസൈറ്റി ഓഫ് ജീസസ് വക്താവ് ഫാ. ജോസ് മരിയ ടോജീറ. തടവിലാക്കപ്പെട്ട ബിഷപ്പ് റോളാൻഡോ അൽവാരസിന്റെ ധീരത, പുരാതന രക്തസാക്ഷികളെ അനുസ്മരിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പീഡനത്തിനിരയായ മുൻക്രിസ്ത്യാനികളെ പരാമർശിച്ചശേഷം, സ്പാനിഷ് മതവിശ്വാസിയായ സാൽവഡോറൻ, ബിഷപ്പ് അൽവാരസ്, നിക്കരാഗ്വയിൽ തുടരാനും നാടുകടത്തലിന്റെ സമ്മർദങ്ങൾക്ക് വഴങ്ങാതിരിക്കാനുമെടുത്ത തീരുമാനത്തെ അഭിനന്ദിച്ചു. സുവിശേഷത്തോട് വിശ്വസ്തത പുലർത്തുകയും പാവപ്പെട്ടവരോടുള്ള അനീതികളെ അപലപിക്കുകയും ജനങ്ങൾക്കുവേണ്ടി സംഭാഷണവും വികസനവും ആവശ്യപ്പെടുകയും ചെയ്തതിന് തടവിലാക്കപ്പെട്ട ഒരു ബിഷപ്പാണ് അദ്ദേഹമെന്ന് ഫാ. ജോസ് മരിയ ടോജീറ ചൂണ്ടിക്കാട്ടി.
നിക്കരാഗ്വയിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച വൈദികൻ, സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റിയും സന്യാസിമാരുടെ വസതിയായ വില്ല കാർമെനും ഭരണകൂടം കണ്ടുകെട്ടിയതിനെക്കുറിച്ചും അതിനുശേഷം അവിടെ തുടരേണ്ടിവരുന്ന പതിമൂന്നോളം ജെസ്യൂട്ടുകളുടെ വേദനയും പങ്കുവച്ചു. “ഞങ്ങളുടെ പക്കലുള്ള രണ്ട് സ്കൂളുകളിൽ ജെസ്യൂട്ടുകൾ പ്രവർത്തിക്കുന്നു – ലയോള ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ അമേരിക്കൻ സ്കൂൾ എന്നിവയിൽ. എന്നിരുന്നാലും, അവർ എല്ലായ്പ്പോഴും അപ്രതീക്ഷിതമായ ആശങ്കയോടെയാണ് പ്രവർത്തിക്കുന്നത്” – അദ്ദേഹം പറഞ്ഞു.
ഇതിനിടെ നിക്കരാഗ്വയിലെ അടിച്ചമർത്തലുകൾ ലോകശ്രദ്ധയിലേക്ക് കൂടുതൽ എത്തുകയാണ്. ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴിൽ പൊറുതിമുട്ടിയിരിക്കുന്ന നിക്കരാഗ്വയിലെ ക്രിസ്ത്യാനികൾക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ ഹംഗറി. വ്യാഴാഴ്ചയാണ് ഹംഗറി വിദേശകാര്യമന്ത്രി പീറ്റർ സിജാർട്ടോ ഇക്കാര്യം പ്രഖ്യാപിച്ചത്.