അടിച്ചമർത്തലുകൾക്കിടയിലും നിക്കരാഗ്വൻ ജനതയോടു കാണിച്ച പ്രതിബദ്ധതയുടെപേരിൽ ലിബർട്ടാസ് ഇന്റർനാഷണൽ പുരസ്കാരത്തിന് അർഹനായി നിക്കരാഗ്വയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസ്. ഒവീഡോയിലേക്കുള്ള സ്വകാര്യ ത്രിദിന സന്ദർശനത്തിനിടെ ഒവീഡോ ആർച്ച്ബിഷപ്പിൽനിന്നും ബിഷപ്പ് റൊളാൻഡോ പുരസ്കാരം ഏറ്റുവാങ്ങി.
മൗലികസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ വ്യക്തികളെയോ, ഗ്രൂപ്പുകളെയോ അംഗീകരിച്ചുകൊണ്ട് സ്പെയിനിലെ ഒവീഡോയിലെ ഒരു അസോസിയേഷനാണ് ലിബർട്ടാസ് അവാർഡ് നൽകുന്നത്. സർക്കാരിന്റെ അടിച്ചമർത്തലുകൾക്കിടയിലും നിക്കരാഗ്വൻ ജനതയോടുള്ള ബിഷപ്പ് അൽവാരസിന്റെ പ്രതിബദ്ധതയാണ് അദ്ദേഹത്തെ അന്താരാഷ്ട്ര അവാർഡിന് അർഹനാക്കിയത്.
“ക്രിസ്ത്യൻ ഐക്യദാർഢ്യത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. മോൺ. റൊളാൻഡോയുടെ ഉദാഹരണം ക്രിസ്തുവിനും സുവിശേഷത്തിനും നിങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പോരാട്ടം തുടരുന്നതിനുള്ള പ്രചോദനത്തിന്റെ ഒരു പ്രകാശഗോപുരമാണ്” – ഒവീഡോ ആർച്ച്ബിഷപ്പ് പറഞ്ഞു.
2023 ഫെബ്രുവരിയിൽ യു.എസിലേക്കു പറന്ന 222 രാഷ്ട്രീയതടവുകാരോടൊപ്പം പോകാൻ വിസമ്മതിച്ചതിനെതുടർന്ന് ബിഷപ്പ് അൽവാരസ് നിക്കരാഗ്വയിൽ 26 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 2024-ന്റെ തുടക്കത്തിൽ അദ്ദേഹം നിക്കരാഗ്വയിലെ ജയിലിൽനിന്നു മോചിതനായി റോമിലേക്കു പോയി.