പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച് നിക്കരാഗ്വയിലെ 150-ലധികം രാഷ്ട്രീയനേതാക്കൾ ഇപ്പോൾ ജയിലിലാണ്; അവരിലൊരാളാണ് ബിഷപ്പ് റൊളാൻഡോ അൽവാരസ്. ഒർട്ടേഗയുടെ പൊലീസ് മതാഗൽപയിലെ ബിഷപ്പ് ഹൗസിലേക്ക് അതിക്രമിച്ചുകയറി ബിഷപ്പ് അൽവാരസിനെ അനധികൃതമായി അറസ്റ്റ് ചെയ്തിട്ട് ആഗസ്റ്റ് 19-ന് ഒരു വർഷം പിന്നിട്ടു. പിന്നീട് 26 വർഷം അദ്ദേഹം തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് ആർക്കുമറിയില്ല.
ബിഷപ്പ് ഹൗസ് ആക്രമിച്ചതിന്റെ പിറ്റേന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ബിഷപ്പ് റൊളാൻഡോ അൽവാരസ് അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ദേശീയ പൊലീസ് ആരോപിക്കുന്നു. അക്രമപ്രവർത്തനങ്ങൾക്ക് പ്രേരണനൽകൽ, രാജ്യത്തെ അസ്ഥിരപ്പെടുത്താൻ മാധ്യമങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളും ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടത്. ബിഷപ്പ് അൽവാരസിനെയും മറ്റ് ആറു വൈദികരെയും ആറ് അത്മായരെയും, അവർ അടുത്തുള്ള കത്തീഡ്രലിലേക്കു പോകുമ്പോൾ ബിഷപ്പ് ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നത് ഉദ്യോഗസ്ഥർ തടഞ്ഞു. അന്ന്, പൊലീസ് ബിഷപ്പിനെ വീട്ടുതടങ്കലിലാക്കി.
സർക്കാർ, അഞ്ച് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചതിനെതുടർന്നാണ് ഭരണകൂടം ഈ നടപടികൾ സ്വീകരിച്ചത്. ‘ദേശീയ അഖണ്ഡതയെ തകർക്കാനുള്ള ഗൂഢാലോചന’, ‘നിക്കരാഗ്വൻ ഭരണകൂടത്തിനും സമൂഹത്തിനും ദോഷകരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ’, ‘ആത്മീയതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ’ എന്നീ കുറ്റങ്ങളാണ് ബിഷപ്പ് അൽവാരസിനെതിരെ ആരോപിക്കപ്പെട്ടത്.
2023 ഫെബ്രുവരിയിൽ, യു.എസിലേക്കു പോയ 222 രാഷ്ട്രീയത്തടവുകാരോടൊപ്പം പോകാൻ വിസമ്മതിച്ചതിനുശേഷം ബിഷപ്പ് റൊളാൻഡോ അൽവാരസിനെ നിക്കരാഗ്വയിൽ 26 വർഷത്തെ തടവിന് ശിക്ഷിച്ചു. ഡാനിയൽ ഒർട്ടേഗയുടെ ഭരണത്തെ ബിഷപ്പ് അൽവാരസ് എപ്പോഴും പരസ്യമായി വിമർശിച്ചിട്ടുണ്ട്.