‘ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല’: ബിഷപ്പ് റൊളാൻഡോ അൽവാരസിനു പിന്തുണയുമായി ഹോണ്ടുറാസ് ബിഷപ്പ്

ജയിൽമോചിതനായ ബിഷപ്പ് റൊളാൻഡോ അൽവാരസിനെ വീണ്ടും തടവിലാക്കിയതിൽ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ലെന്നും അദ്ദേഹം ജയിലിൽ കിടക്കാൻ പോകുന്നില്ലെന്നും ഹോണ്ടുറാസിലെ ഡാൻലി രൂപതയിലെ ബിഷപ്പ് ജോസ് അന്റോണിയോ കനാൽസ്. നിക്കരാഗ്വൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് കനാൽസ് ഇപ്രകാരം പറഞ്ഞത്.

ഒർട്ടേഗ ഭരണകൂടം, രാജ്യദ്രോഹക്കുറ്റം ചുമത്തി അന്യായമായി തടവിലാക്കിയതായിരുന്നു ബിഷപ്പ് അൽവാരസിനെ. അദ്ദേഹം ജയിൽമോചിതനായെങ്കിലും രാജ്യംവിടാനുള്ള നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കുകയായിരുന്നു. “നിക്കരാഗ്വയിൽ, തന്റെ അജഗണങ്ങളുടെ അടുത്തേക്ക് മടങ്ങാൻ അൽവാരസ് ആഗ്രഹിക്കുന്നുണ്ട്. മാതഗൽപ രൂപതയെ നയിക്കാൻ കർത്താവുണ്ടെന്നും അദ്ദേഹം തന്റെ ഉത്തരവാദിത്വം ഉപേക്ഷിക്കാൻപോകുന്നില്ലെന്നും ബിഷപ്പ് അൽവാരെസിനു ബോധ്യമുണ്ട്. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ദൈവം ഭരമേല്പിച്ച ദൗത്യമാണ്. അങ്ങനെയാണ് ഞങ്ങൾ മനസ്സിലാക്കുന്നത്” – കനാൽസ് വിശദീകരിച്ചു. നിലവിൽ അൽവാരസിനോട് പുലർത്തുന്നത് നീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരെ ഒർട്ടേഗ സ്വേച്ഛാധിപത്യം നടത്തുന്ന പീഡനങ്ങൾ നിരവധിയാണ്. പുരോഹിതന്മാരെ തടവിലാക്കൽ, മതവിശ്വാസികളായ സ്ത്രീകളെ പുറത്താക്കൽ, സ്വത്തുക്കളും സർവകലാശാലകളും കണ്ടുകെട്ടൽ, ദരിദ്രരായ ജനങ്ങളെ സഹായിക്കുന്ന സ്ഥാപനമായ കാരിത്താസ് അടച്ചുപൂട്ടൽ തുടങ്ങി ഒട്ടനവധി അക്രമങ്ങൾ കത്തോലിക്കർ നേരിടുന്നുണ്ടെന്നും കനാൽസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.