പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ ബിഷപ്പ് അൽവാരസുമായുള്ള കൂടിക്കാഴ്ച വിവരിച്ച് ബിഷപ്പ് ഇഗ്നാസിയോ മുനില

ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്താൽ പുറത്താക്കപ്പെട്ട മതഗൽപ ബിഷപ്പ് റോളാൻഡോ അൽവാരസുമായി ഒറിഹുവേല-അലികാന്റെ ബിഷപ്പ്, ജോസ് ഇഗ്നാസിയോ മുനില റോമിൽ വച്ചു കൂടിക്കാഴ്ച നടത്തി. പ്രവാസത്തിൽ കഴിയുന്ന ബിഷപ്പ് അൽവാരസിനെ താൻ എങ്ങനെ തിരിച്ചറിഞ്ഞു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സ്പാനിഷ് പുരോഹിതന്റെ റേഡിയോ പരിപാടിയായ സെക്സ്റ്റോ കോണ്ടിനെന്റിലാണ് ബിഷപ് ജോസ് ഇഗ്നാസിയോ വിവരിച്ചത്.

“ബിഷപ്പ് അൽവാരസിനെ ആദ്യ കാഴ്ച്ചയിൽ ഒരു വൈദികനാണെന്നാണ് കരുതിയത്. പിന്നീടാണ് കഴുത്തിൽ ധരിച്ചിരിക്കുന്ന കുരിശ് ശ്രദ്ധയിൽപെട്ടതും അദ്ദേഹത്തെ ബിഷപ്പായി തിരിച്ചറിഞ്ഞതും. കുറച്ചുകൂടി അടുത്തെത്തിയപ്പോൾ, ആ മുഖം പരിചിതമായി. അപ്പോൾ ‘നിങ്ങൾ ബിഷപ്പ് അൽവാരസ് അല്ലേ’ എന്ന് ഞാൻ ചോദിച്ചു. ‘അതെ’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തുടർന്ന് നിങ്ങൾക്കുവേണ്ടി ഞങ്ങൾ തീവ്രമായി പ്രാർഥിച്ചുവെന്ന് അറിയിച്ചു. നിങ്ങളുടെ പ്രാർഥന എനിക്ക് ലഭിച്ചിരുന്നു എന്ന് ബിഷപ് അൽവാരസ് മറുപടി പറയുകയും ചെയ്തു.” ബിഷപ്പ് ഇഗ്നാസിയോ പങ്കുവച്ചു. കൂടാതെ തന്റെ അനുഭവങ്ങളും ബിഷപ്പ് അൽവാരസ് കൂടിക്കാഴ്ചയിൽ പങ്കുവച്ചിരുന്നു.

“നിക്കരാഗ്വയിൽ പീഡിപ്പിക്കപ്പെടുന്ന സഭയ്‌ക്കായി തീവ്രമായി പ്രാർഥിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി. അദ്ഭുതകരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്”- ബിഷപ്പ് ജോസ് ഇഗ്നാസിയോ കൂട്ടിച്ചേർത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.