![Bishop-from-Nicaragua-for-praying-for-his-country's-people](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/Bishop-from-Nicaragua-for-praying-for-his-countrys-people.jpg?resize=696%2C435&ssl=1)
നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സർക്കാർ, കഴിഞ്ഞ മാസം പുറത്താക്കിയ നിക്കരാഗ്വൻ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് കാർലോസ് എൻറിക് ഹെരേര ഗുട്ടിറസ് ഗ്വാട്ടിമാലയിൽനിന്നും നിക്കരാഗ്വയിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ചു. ഗ്വാട്ടിമാലയിലെ കത്തീഡ്രലിൽ ആഘോഷിച്ച 2025 ജൂബിലിയുടെ ഉദ്ഘാടന വിശുദ്ധ കുർബാനയുടെ അവസാനത്തിലാണ് ബിഷപ്പ് ഈ പ്രാർഥന നടത്തിയത്.
“നിങ്ങളുടെ പ്രാർഥനയെ ഞാൻ സ്വാഗതം ചെയ്യുന്നു. എനിക്കായി മാത്രമല്ല, നിക്കരാഗ്വയിലെ ജനങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. അങ്ങനെ ഒരു ദിവസം നമുക്ക് ഒരുമിച്ച് ജീവിക്കാനും പരസ്പരം സഹോദരങ്ങളെപ്പോലെ കാണാനും ഞങ്ങൾ ജനിച്ചിടത്ത് വീണ്ടും ഞങ്ങൾക്ക് എത്താനും കഴിയും, നന്ദി.” – ബിഷപ്പ് ഹെരേര പറഞ്ഞു.
പ്രാദേശിക കത്തീഡ്രലിനുമുന്നിൽ ഉച്ചത്തിലുള്ള സംഗീതം മുഴക്കി ഞായറാഴ്ച വിശുദ്ധ കുർബാന തടസ്സപ്പെടുത്തിയ ഒർട്ടെഗ ഭരണകൂടത്തിന്റെ അനുയായിയായ ടൗൺ മേയർ ലിയോനിദാസ് സെന്റിനോയെ വിമർശിച്ചതിന് ഏതാനും ദിവസങ്ങൾക്കുശേഷം സ്വേച്ഛാധിപത്യ ഭരണകൂടം ബിഷപ്പ് ഹെരേരയെ നിക്കരാഗ്വയിൽനിന്ന് പുറത്താക്കുകയായിരുന്നു. നിക്കരാഗ്വൻ എപ്പിസ്‌കോപ്പറ്റിലെ മറ്റു ബിഷപ്പുമാരുമായി തലസ്ഥാനമായ മനാഗ്വയിൽ നടന്ന യോഗത്തിൽ പങ്കെടുത്തശേഷമാണ് ബിഷപ്പിനെ പൊലീസ് തട്ടിക്കൊണ്ടുപോയത്.
ബിഷപ്പ് ഹെരേരയെയും ബിഷപ്പുമാരായ സിൽവിയോ ബേസ്, റൊളാൻഡോ അൽവാരസ്, ഇസിഡോറോ മോറ എന്നിവരെയും പുറത്താക്കിയതോടെ നിക്കരാഗ്വയിലെ ഒമ്പതു ബിഷപ്പുമാരിൽ അഞ്ചുപേർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് അവശേഷിക്കുന്നത്.