ഡിസംബർ 29 ന് നസ്രത്തിലെ അനൗൺസിയേഷൻ ബസിലിക്കയിലേക്ക് ജൂബിലിയെ പ്രതിനിധീകരിക്കുന്ന കുരിശുമായി പ്രവേശിച്ചതോടെ വിശുദ്ധ നാട്ടിൽ 2025 ലെ ജൂബിലി വർഷത്തിന് തുടക്കം കുറിച്ചു. തിരുക്കുടുംബത്തിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങിന് കർദിനാൾ പിയർബറ്റിസ്റ്റ പിസാബല്ല നേതൃത്വം നൽകി.
ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് എന്ന നിലയിൽ കർദിനാൾ പിയർബറ്റിസ്റ്റ പിസാബല്ല ഇസ്രായേൽ, പാലസ്തീൻ പ്രദേശങ്ങൾ, ജോർദാൻ, സൈപ്രസ് എന്നിവ ഉൾപ്പെടുന്ന തന്റെ രൂപതയിൽ വിശുദ്ധ വർഷം ഉദ്ഘാടനം ചെയ്തു. ഹൈഫയിലെയും വിശുദ്ധ നാട്ടിലെയും മരോനൈറ്റ് ആർച്ച്ബിഷപ്പ് മൂസ ഹേഗെ, ഗ്രീക്ക് കാത്തലിക് (മെൽക്കൈറ്റ്) ആർച്ച്ബിഷപ്പ് യൂസഫ് മട്ട, ഏക്കർ, ഹൈഫ, നസ്രത്ത്, ഗലിലേത്ത് ആർച്ച്ബിഷപ്പ് എന്നിവർക്കൊപ്പമാണ് ജൂബിലി കുരിശും വഹിച്ചുകൊണ്ട് പാത്രിയാർക്കീസ് ബസിലിക്കയിലെ പ്രധാന കവാടം കടന്നത്.
11 മെത്രാന്മാരും പ്രധാന മേലധ്യക്ഷന്മാരും രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏകദേശം 150 വൈദികരുമടങ്ങുന്ന സംഘമാണ് പാത്രിയർക്കീസിനെ അനുഗമിച്ച് ബസിലിക്കയിലേക്കു പ്രവേശിച്ചത്.