![Bank-approaches,-victims,--natural-calamities](https://i0.wp.com/www.lifeday.in/wp-content/uploads/2024/08/Bank-approaches-victims-natural-calamities.jpg?resize=696%2C435&ssl=1)
പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കൃഷിക്കാർക്ക് സഹായമായി സുഹൃത്തുക്കൾ അയച്ചുകൊടുത്ത പണംവരെ സർക്കാർനിയന്ത്രണത്തിലുള്ള ബാങ്ക് വായ്‌പാ തിരിച്ചടവിന്റെപേരിൽ പിടിച്ചെടുത്ത സംഭവം വിലങ്ങാട് ഉണ്ടായത് നിന്ദ്യവും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
വിലങ്ങാട് പ്രകൃതിദുരന്തബാധിതരെ ഉപദ്രവിക്കുന്ന ബാങ്ക് സമീപനങ്ങൾ അവസാനിപ്പിക്കണം. ബാങ്കേഴ്സ് സമിതിക്ക് സർക്കാർ അതിനുള്ള നിർദേശം നൽകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലിൽ കൃഷിഭൂമി ഒലിച്ചുപോയ വിലങ്ങാട്ടെ കർഷകർക്ക് അടിയന്തിര ധനസഹായം നൽകാനും വായ്പകൾ എഴുതിത്തള്ളാനുംവേണ്ട നിർദേശം സർക്കാർതലത്തിൽ നൽകണം. വയനാട്ടിലെപോലെ തന്നെ ഉരുൾപൊട്ടി വ്യാപക കൃഷിനാശം സംഭവിച്ച വിലങ്ങാടിനായും പ്രത്യേക ദുരിതാശ്വാസ പാക്കേജ് ഉണ്ടാക്കണം. ഉരുൾപൊട്ടൽ ദുരന്തത്തിൽ നൂറുകണക്കിന് ഏക്കർ കൃഷിയിടങ്ങൾ വിലങ്ങാട്ട് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ, വയനാട്ടിലെ മഹാദുരന്തത്തിന്റെ ഇടയിൽ വിലങ്ങാടിന്റെ പ്രശ്നം ശ്രദ്ധിക്കപ്പെടാതെപോകുന്ന അവസ്ഥയാണ്. വിലങ്ങാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. വയനാടിനൊപ്പം വിലങ്ങാട്ടെ ഉരുൾപ്പൊട്ടലും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, സെക്രട്ടറി ട്രീസ ലിസ് സെബാസ്റ്യൻ, താമരശേരി രൂപതാ ഭാരവാഹികളായ ഫാ. സബിൻ തൂമുള്ളിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ, ഷാജി കണ്ടത്തിൽ, ബേബി കിഴക്കുംഭാഗം എന്നിവർ പ്രസംഗിച്ചു.