ഇസ്ലാമിസ്റ്റ് ഭീഷണികൾക്കിടയിൽ ബംഗ്ലാദേശ് പെൺകുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ റദ്ദാക്കി

ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് പ്രതിഷേധിച്ചതിനെ തുടർന്ന് വടക്കൻ ബംഗ്ലാദേശിലെ ഒരു വനിതാ ഫുട്ബോൾ ടൂർണമെന്റ് റദ്ദാക്കി. ഫുട്ബോൾ ടൂർണമെന്റിനെ ‘അനിസ്ലാമികം’ എന്ന് കണക്കാക്കിയാണ് പെൺകുട്ടികളുടെ മത്സരങ്ങൾ റദ്ദാക്കിയത്. നിലവിൽ രാജ്യത്ത് വർധിച്ചുവരുന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ സ്വാധീനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

മത്സരത്തിൽ പങ്കെടുക്കാനിരുന്ന പതിനേഴുകാരിയായ ആശാ റോയ് തന്റെ നിരാശയും ഭയവും പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്ത് ഇത്തരമൊരു സാഹചര്യം ഇതുവരെ നേരിട്ടിട്ടില്ലെന്ന് വ്യക്തമാക്കി. ലോക്കൽ പൊലീസ് ഇടപെട്ടതിനെത്തുടർന്നാണ് സംഘം തങ്ങളുടെ സുരക്ഷയ്ക്കായി നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരായത്.

ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. കാരണം, മതതീവ്രവാദികളുടെ എതിർപ്പിനെത്തുടർന്ന് വടക്കൻ ബംഗ്ലാദേശിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റദ്ദാക്കപ്പെടുന്ന മൂന്നാമത്തെ വനിതാ ഫുട്ബോൾ മത്സമാണ് ഇത്. ബംഗ്ലാദേശിലെ ഗ്രാമങ്ങളിലെ പല പെൺകുട്ടികൾക്കും ഫുട്‌ബോളും സ്‌പോർട്‌സും ശാക്തീകരണത്തിനും ദാരിദ്ര്യത്തിൽനിന്ന് രക്ഷപെടാനുമുള്ള മാർഗമാണ്. ദേശീയ വനിതാ ടീം നിരവധി പെൺകുട്ടികളെ കായികരംഗത്തേക്കു നയിക്കാൻ പ്രചോദിപ്പിച്ചിട്ടുണ്ട്. ചിലർ ബംഗ്ലാദേശിനെ അന്താരാഷ്ട്രതലത്തിൽ പ്രതിനിധീകരിക്കാൻപോലും പോയിട്ടുണ്ട്.

സ്ത്രീകളുടെ ഫുട്ബോൾ മത്സരങ്ങൾ അവരുടെ മതപരമായ മൂല്യങ്ങൾക്കു വിരുദ്ധമാണെന്നും സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കണമെന്നും സ്ത്രീകാണികളുടെ മുന്നിൽമാത്രം കളിക്കണമെന്നും ഉൾപ്പെടെയുള്ള കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും പ്രതിഷേധത്തിനുപിന്നിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് വാദിക്കുന്നു.

മത്സരങ്ങൾ റദ്ദാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ കോലാഹലം സൃഷ്ടിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പലരും വിമർശിച്ചു. സംഭവങ്ങളെക്കുറിച്ച് അധികാരികൾ അന്വേഷണം ആരംഭിച്ചിരിക്കെ, ധാക്ക സർവകലാശാലയിലെ സോഷ്യോളജി അസിസ്റ്റന്റ്  പ്രൊഫസർ സമീന ലുത്ത്ഫയെപ്പോലുള്ള ചില വിദഗ്ധർ, മത്സരങ്ങൾ റദ്ദാക്കുന്നത് ‘തീർച്ചയായും ഭയാനകമാണ്’ എന്നും രാജ്യത്ത് തീവ്രവാദത്തിന്റെ വിശാലമായ പ്രവണതയെ സൂചിപ്പിക്കുന്നുവെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.