പ്രായപൂർത്തിയാകാത്തവരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാൻ രാജ്യം ഒരുങ്ങുന്നത്.
നിരോധനനിയമം കൊണ്ടുവരുന്നതിനു മുന്നോടിയായി വരുംമാസങ്ങളിൽ പ്രായം സ്ഥിരീകരിക്കുന്ന പരീക്ഷണനടപടികൾ ഉണ്ടാകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു. തന്റെ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി സർക്കാർ, ഏറ്റവും കുറഞ്ഞ പ്രായം 14-നും 16-നുമിടയിൽ പരിഗണിക്കുന്നുണ്ടെന്ന് അൽബനീസ് വെളിപ്പെടുത്തി.
“മാതാപിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് ആശങ്കാകുലരാണ്. കുട്ടികൾ, തങ്ങളുടെ ഫോൺ മാറ്റിവച്ച് മൈതാനത്ത് കളിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. ഞാനും അങ്ങനെതന്നെ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഈ നടപടി സ്വീകരിക്കുന്നു” – അൽബനീസ് വ്യക്തമാക്കി. 16 വയസ്സിനു താഴെയുള്ളവർക്കായി സോഷ്യൽ മീഡിയ നിരോധിക്കുന്നതിനുമുമ്പ് മധ്യവലതുപക്ഷ ലിബറൽ പാർട്ടിയുടെ തലവനും പ്രതിപക്ഷനേതാവുമായ പീറ്റർ ഡട്ടൺ പിന്തുണ അറിയിച്ചിരുന്നു.
ചൈന, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിരവധി സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്ന നിയമം കൊണ്ടുവന്നിരുന്നു.