16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമം ഓസ്ട്രേലിയൻ പാർലമെന്റ് പാസ്സാക്കി. എന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നതെന്ന് അറിയിച്ചിട്ടില്ലെങ്കിലും എത്രയുംവേഗം സുരക്ഷ കർശനമാക്കാൻ ടെക് കമ്പനികൾക്ക് പാർലമെന്റ് നോട്ടീസ് നൽകി.
സാമൂഹ്യമാധ്യമങ്ങളിൽ പ്രായനിയന്ത്രണം കൊണ്ടുവരുന്നതു സംബന്ധിച്ച് നാളുകളായി ഓസ്‌ട്രേലിയ ചർച്ചകൾ നടത്തിയിരുന്നു. മാസങ്ങൾ നീണ്ട തീവ്രമായ പൊതുചർച്ചകൾക്കും പാർലമെന്ററി പ്രക്രിയകൾക്കുംശേഷം ആഴ്ചയ്ക്കുള്ളിൽ ബിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പാസ്സാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വർഷത്തിലെ അവസാന സിറ്റിംഗ് ദിവസമായ വ്യാഴാഴ്ച വൈകിട്ടാണ് സെനറ്റ് സോഷ്യൽ മീഡിയ നിരോധനത്തിന് അംഗീകാരം നൽകിയത്.
പുതിയ നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾ സോഷ്യൽ മീഡിയ സേവനങ്ങൾ ആക്സസ് ചെയ്യുന്നതു തടയാൻ ടെക് കമ്പനികൾ ‘ന്യായമായ നടപടികൾ’ സ്വീകരിക്കണം. അല്ലെങ്കിൽ ഏകദേശം 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (32 ദശലക്ഷം ഡോളർ) പിഴ നേരിടേണ്ടിവരും.
സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയ്ക്ക് നിരോധനം ബാധകമാകുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആ പട്ടികയിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ കൂടെ കൂട്ടിച്ചേർക്കപ്പെടാമെന്നും അനുമാനങ്ങളുണ്ട്. യുവജനങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എല്ലാ സർക്കാരുകളും നേരിടുന്നുണ്ടെന്നും താൻ സംസാരിച്ച നേതാക്കൾ ഈ വിഷയത്തിൽ ഓസ്ട്രേലിയയുടെ നീക്കത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി അൽബനീസ് നിയമസഭാംഗങ്ങളോടു പറഞ്ഞു.
“സോഷ്യൽ മീഡിയ ഭീഷണിപ്പെടുത്തുന്നവർക്കുള്ള ആയുധമാകാം, സമപ്രായക്കാരുടെ സമ്മർദത്തിനുള്ള വേദിയാകാം, ഉത്കണ്ഠയുടെ ചാലകമാകാം, തട്ടിപ്പുകാർക്കുള്ള വാഹനമാകാം. എല്ലാറ്റിനുമുപരിയായി, ഓൺലൈൻ വേട്ടക്കാർക്കുള്ള ഒരു ഉപകരണവും” – അദ്ദേഹം തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു.