ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ ശക്തിപ്പെടുത്തണം എന്ന ആവശ്യമുയർത്തി നൈജീരിയയിൽ നടന്ന പ്രതിഷേധത്തിനുശേഷം ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ആഗസ്റ്റ് ഒന്നിനു നടന്ന പ്രതിഷേധപ്രകടനം അടിച്ചമർത്താനുള്ള ശ്രമത്തിനിടെ 41 പേർ മരണമടഞ്ഞിരുന്നു.
സംഘർഷത്തിനുശേഷം വിവിധ ഇടങ്ങളിലായി ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. പീഠഭൂമിയിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് ഇസ്ലാമിക ഫുലാനി തീവ്രവാദികളിൽനിന്ന് ഈ ദിനങ്ങളിൽ കൂടുതൽ അതിക്രമങ്ങൾ നേരിടേണ്ടിവന്നു. മാംഗു, ബസ്സ കൗണ്ടികളിൽ അക്രമികൾ രണ്ട് കർഷകരെ കൊല്ലുകയും മറ്റൊരാളെ ക്രൂരമായി മർദിക്കുകയും ചെയ്തു. കൂടാതെ, ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങൾ തീവ്രവാദികൾ നശിപ്പിക്കുകയും ചെയ്തു.
“ഫുലാനി തീവ്രവാദികൾ എന്നെ കൊല്ലാൻ ആഗ്രഹിച്ചു. പക്ഷേ, ഞാൻ സുരക്ഷിതനായതിൽ ദൈവത്തിനു നന്ദിപറയുന്നു” – ആക്രമണത്തിൽനിന്ന് രക്ഷപെട്ട വ്യക്തി വെളിപ്പെടുത്തി. ആഗസ്റ്റ് മൂന്നാം തീയതി കടുനയിലെ കിഷിഷോയിൽ തങ്ങളുടെ ഭൂമിയിൽ ജോലിചെയ്യുന്നതിനിടെ രണ്ട് ക്രിസ്ത്യൻ കർഷകരെ ഫുലാനി തീവ്രവാദികൾ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോൾ ചികിത്സയിലാണ്.