സുഡാനിൽ സൈന്യം കത്തോലിക്കാ പള്ളി ആക്രമിച്ചു; ഇടവകാംഗത്തെ കൊലപ്പെടുത്തി

സൗത്ത് സുഡാനിൽ സൈന്യം കത്തോലിക്കാ പള്ളി ആക്രമിച്ചു, ഒരു ഇടവകാംഗത്തെ കൊലപ്പെടുത്തിയശേഷം മൃതദേഹം കൊണ്ടുപോയി. കിഴക്കൻ ഇക്വറ്റോറിയ സംസ്ഥാനത്തെ മാഗ്വി കൗണ്ടിയിലെ ഔർ ലേഡി ഓഫ് അസംപ്ഷൻ പാരിഷ് ലോവയിൽ, മാർച്ച് 26 ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ദക്ഷിണ സുഡാൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സിന്റെ (SSPDF) ഒരു യൂണിറ്റിലെ സൈന്യമാണ് പള്ളി ആക്രമിച്ചത്.

“സൈനികർ മുന്നറിയിപ്പില്ലാതെ വെടിയുതിർത്തു. ഇടവകയിൽപ്പെട്ട ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിയുണ്ടകൾ റെക്ടറിയുടെ ചുമരുകളിലും ജനാലകളിലും പതിച്ചു. തങ്ങളുടെ പ്രവൃത്തികൾ മറച്ചുവയ്ക്കാനുള്ള ശ്രമത്തിൽ, സൈനികർ കൊല്ലപ്പെട്ട ഇടവകക്കാരന്റെ മൃതദേഹവും കൊണ്ടുപോയി മറച്ചുവച്ചു. ഫോറൻസിക് തെളിവുകൾ നീക്കം ചെയ്യുന്നതിനായി നിലത്തെ രക്തം മണ്ണുകൊണ്ട് മൂടി. ഇതുവരെ, മൃതദേഹം കണ്ടെത്തിയിട്ടില്ല.” “നുഴഞ്ഞുകയറ്റത്തിനിടെ, പള്ളി ജീവനക്കാരെയും പ്രദേശത്തെ താമസക്കാരെയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു” – ടോറിറ്റ് രൂപതയുടെ പ്രസ്താവനയിൽ പറയുന്നു.

ടോറിറ്റിലെ ബിഷപ്പ് ഇമ്മാനുവൽ ബെർണാർഡിനോ ലോവി നപെറ്റ, പള്ളിയിൽ നടന്ന കടന്നുകയറ്റത്തെയും അതിന്റെ പവിത്രതയുടെയും നിഷ്പക്ഷതയുടെയും ഗുരുതരമായ ലംഘനത്തെയും ഉദ്യോഗസ്ഥരുടെ സുരക്ഷയുടെയും അവകാശങ്ങളുടെയും ലംഘനത്തെയും അപലപിച്ചു. “സംഭവത്തെക്കുറിച്ച് ഉടനടി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉൾപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ തിരിച്ചറിയുകയും ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ എസ് എസ് പി ഡി എഫ് ൽ നിന്നുള്ള വ്യക്തമായ ഉറപ്പുകളും വ്യക്തമായ പ്രോട്ടോക്കോളുകളും ആവശ്യപ്പെടുന്നു. മൃതദേഹം മാന്യമായി സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം”- ബിഷപ്പ് ഇമ്മാനുവൽ ബെർണാർഡിനോ അഭ്യർഥിച്ചു.

ലോവ സമൂഹത്തെ സംരക്ഷിക്കുന്നതിനായി കിഴക്കൻ ഇക്വറ്റോറിയ സംസ്ഥാനം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം. ഇപ്പോൾ നടന്ന ആക്രമണത്തിന് ടോറിറ്റ് രൂപതയോട് പരസ്യമായി ക്ഷമാപണം നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.