ഉക്രൈനിലെ ദുരിതബാധിതരെ സന്ദർശിച്ച് ചിക്കാഗോ ആർച്ചുബിഷപ്പ്

ഉക്രൈനിലെ ദുരിതബാധിതരെ ചിക്കാഗോ ആർച്ചുബിഷപ്പ് കർദിനാൾ ബ്ലെയ്‌സ് കുപ്പിച്ച് സന്ദർശിച്ചു. ജൂൺ അവസാനത്തോടെ ഉക്രൈനിലെ കീവ്, ഇർപെൻ, ബുച്ച എന്നിവിടങ്ങൾ സന്ദർശിച്ച കർദിനാൾ, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ നേതാവായ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കുമായി ചർച്ച നടത്തുകയും ചെയ്തു.

സന്ദർശനത്തെ തുടർന്ന് ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ, റഷ്യൻ അധിനിവേശത്തിൽ പീഡനങ്ങൾക്കിരയാകുന്ന ഉക്രൈനിലെ ജനങ്ങളുടെ അതിജീവന പ്രവർത്തനങ്ങളെ കർദിനാൾ പ്രശംസിച്ചു. “കത്തോലിക്കരുടെ മാത്രമല്ല, ഉക്രൈനിലെ എല്ലാ ജനതകളുടെയും ആവശ്യങ്ങളോട് ഉചിതമായി പ്രതികരിക്കാൻ കാരിത്താസ് ഉക്രൈനും മറ്റ് സഭാസ്ഥാപനങ്ങളും നല്ല രീതിയിൽ പരിശ്രമിക്കുന്നുണ്ട്. യുദ്ധത്തിൽ മുറിവേറ്റ കുട്ടികൾക്കും കുടുംബങ്ങൾക്കും ഭക്ഷണവും പാർപ്പിടവും സഹായവും ഉറപ്പുവരുത്താനുള്ള അവരുടെ നിസ്വാർഥമായ പരിശ്രമങ്ങളും ഞാൻ കണ്ടു” – കർദിനാൾ കുപ്പിച്ച് വ്യക്തമാക്കി.

കർദിനാൾ കുപ്പിച്ചും മേജർ ആർച്ചുബിഷപ്പ് ഷെവ്‌ചുക്കും നടത്തിയ സംഭാഷണത്തിന്റെ പ്രധാന പ്രമേയം, ഉക്രേനിയൻ കുട്ടികളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് അവരുടെ വിദ്യാഭ്യാസത്തിൽ യുദ്ധം വരുത്തിയ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.