തെക്കുകിഴക്കൻ ഏഷ്യയിലും ഓഷ്യാനിയയിലുടനീളവുമുള്ള 12 ദിവസത്തെ യാത്രയുടെ അവസാനഘട്ടത്തിൽ ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂരിൽ എത്തിച്ചേർന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശികസമയം 2.52 -നാണ് കിഴക്കൻ തിമോറിൽനിന്ന് ദിലി എയ്‌റോ വിമാനത്തിൽ പാപ്പ സിംഗപ്പൂരിൽ എത്തിയത്. സിംഗപ്പൂരിന്റെ സാംസ്കാരിക – യുവജനകാര്യക്ഷേമവകുപ്പ് മന്ത്രി എഡ്വിൻ ടോങ്ങും പ്രാദേശിക സ്കൂൾവിദ്യാർഥികളും ചേർന്ന് പാപ്പയെ പൂക്കൾ നൽകി സ്വീകരിച്ചു.
രാജ്യത്തെ രാഷ്ട്രീയ അധികാരികളുമായുള്ള പൊതു-സ്വകാര്യകൂടിക്കാഴ്ചയും ദേശീയ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയും ഉൾപ്പെടെ തിരക്കാർന്ന രണ്ടു ദിനങ്ങളാണ് സിംഗപ്പൂരിൽ പാപ്പയെ കാത്തിരിക്കുന്നത്. പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം, പ്രധാനമന്ത്രി ലോറൻസ് വോങ്, മുൻ പ്രധാനമന്ത്രി ലീ സിയാൻ ലൂങ് എന്നിവരുമായും ഫ്രാൻസിസ് പാപ്പ സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തും.
ബുദ്ധമതം പ്രധാനമായുള്ള രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 18% ക്രൈസ്തവരും 3.5% കത്തോലിക്കാരുമാണുള്ളത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തിനുശേഷം സിംഗപ്പൂർ സന്ദർശിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ.