
നൈജീരിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു. വിഭൂതി തിരുനാൾ ദിനമായ മാർച്ച് അഞ്ചിന് കഫഞ്ചൻ രൂപതാ വൈദികനായ ഫാ. സിൽവസ്റ്റർ ഒകെച്ചുക്വുവാണ് കൊല്ലപ്പെട്ടത്. കഫഞ്ചൻ രൂപത നൽകിയ വിവരമനുസരിച്ച്, മാർച്ച് നാലിന് രാത്രി 9:15 ഓടെ ഫാ. സിൽവസ്റ്ററിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
“എന്തുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അദ്ദേഹം എപ്പോഴും ഇടവകക്കാർക്ക് സംലഭ്യനും സമീപസ്ഥനുമായിരുന്നു. അദ്ദേഹത്തിന്റെ അകാലമരണം ഞങ്ങളുടെ ഹൃദയങ്ങളെ തകർക്കുന്നു. ഈ വേദനയുടെ നിമിഷത്തിൽ നമുക്ക് പരസ്‌പരം പ്രാർഥനയിലും ഐക്യത്തിലും ഒന്നിക്കാം, ” കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാദർ ജേക്കബ് ഷാനറ്റ് പറഞ്ഞു.
നൈജീരിയയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ, ക്രിസ്ത്യാനികൾക്കെതിരായ തട്ടിക്കൊണ്ടുപോകലുകൾ, കൊലപാതകം, മറ്റ് തരത്തിലുള്ള പീഡനങ്ങൾ എന്നിവ വ്യാപകമാണ്. കഴിഞ്ഞ ദിവസം, നൈജീരിയയിലെ ഔച്ചി രൂപതയിലെ ഒരു പാരിഷ് റെക്ടറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഒരു പുരോഹിതനെയും സെമിനാരി വിദ്യാർഥിയെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല.