നൈജീരിയയിൽ മറ്റൊരു വൈദികനെക്കൂടി തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ തുടരുകയാണ്. ഇസോംബെ ഹോളി ഫാമിലി കാത്തലിക് ചർച്ചിലെ ഇടവക വികാരി ഫാ. ജോൺ ഉബേച്ചുവിനെ 2025 മാർച്ച് 23 ഞായറാഴ്ച വൈകുന്നേരം തട്ടിക്കൊണ്ടുപോയി. അന്നേദിനം തട്ടിക്കൊണ്ടു പോകപ്പെട്ട മറ്റൊരു വൈദികനെ പൊലീസ് ഉടൻ തന്നെ മോചിപ്പിച്ചു.

ഇമോ സ്റ്റേറ്റിലെ ഒഗുട്ട ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എജെമെക്വുരു റോഡിലാണ് സംഭവം നടന്നത്. പുരോഹിതരുടെ വാർഷിക ധ്യാനത്തിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

“ഫാ. ജോണിന്റെ വേഗത്തിലും സുരക്ഷിതവുമായ മോചനത്തിനായി പ്രാർഥിക്കാൻ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു”- തട്ടിക്കൊണ്ടുപോകൽ ഔദ്യോഗികമായി സ്ഥിരീകരിച്ച ഒവേരി അതിരൂപതയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

മാർച്ച് 23 ഞായറാഴ്ച, തട്ടിക്കൊണ്ടു പോകപ്പെട്ട മറ്റൊരു വൈദികനെ ഒരു പൊലീസ് ഓപ്പറേഷനിലൂടെ, വേഗത്തിൽ മോചിപ്പിക്കാൻ കഴിഞ്ഞു. അനമ്പ്ര സംസ്ഥാനത്തെ (തെക്കുകിഴക്കൻ നൈജീരിയ) ഇച്ചിഡയിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽവച്ചാണ് ഫാ. സ്റ്റീഫൻ എച്ചെസോണയെ തട്ടിക്കൊണ്ടുപോയത്.പൊലീസ്, സൈന്യം, സിവിൽ ഡിഫൻസ്, ജാഗ്രതാ ഗ്രൂപ്പുകൾ എന്നിവരടങ്ങുന്ന സംയുക്ത സുരക്ഷാസംഘമാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. മാർച്ച് 23 ന് പുലർച്ചെ ഇഹിയാലയിൽ നിന്ന് ഫാദർ എച്ചെസോണയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ലോക്കൽ പൊലീസ് ഒരു പ്രസ്താവനയിൽ അറിയിച്ചു.

സുരക്ഷാസേനയുമായുള്ള വെടിവയ്പ്പിനെത്തുടർന്ന് തട്ടിക്കൊണ്ടുപോയവർ ലൈസൻസ് പ്ലേറ്റുകളില്ലാത്ത വെളുത്ത എസ്‌ യു വി വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഫാ. സ്റ്റീഫൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അനാമ്പ്ര സംസ്ഥാനത്തും അടുത്തിടെ കൊള്ളയടിക്കാനുള്ള തട്ടിക്കൊണ്ടുപോകലുകൾ വർധിച്ചിരിക്കുകയാണ്. ഇരകളിൽ സിവിൽ സർവീസുകാർ, ബിസിനസുകാർ, രാഷ്ട്രീയക്കാർ, സ്കൂൾ കുട്ടികൾ പോലും ഉൾപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.