
ഭൂകമ്പമുണ്ടായിട്ടും സൈനിക ഭരണകൂടവും പ്രതിരോധസേനയും തമ്മിലുള്ള പോരാട്ടം മ്യാന്മറിൽ തുടരുകയാണ്. സൈന്യം നടത്തിയ ബോംബാക്രമണത്തിൽ മ്യാൻമറിലെ ഏക ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ചിൻ സ്റ്റേറ്റിലെ ഫലാം പട്ടണത്തിലെ ക്രിസ്തു രാജന്റെ പള്ളി തകർന്നു.
സൈനിക ഭരണകൂടവും പ്രതിരോധ സേനയും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന്റെ മറ്റൊരു ദാരുണമായ തെളിവാണിത്. ഇത് ക്രൈസ്തവരെയും അവരുടെ ആരാധനാലയങ്ങളെയും സാരമായി ബാധിക്കുന്നു. ഹഖ രൂപതയുടെ ഭാഗമായ ഫലാം പട്ടണത്തിലെ ക്രിസ്തുരാജാവിന്റെ പള്ളി ഏപ്രിൽ എട്ടിനാണ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക സ്രോതസ്സുകൾ പ്രകാരം പള്ളിയുടെ മേൽക്കൂരയും ഉൾഭാഗവും തകർന്നു, പക്ഷേ കെട്ടിടത്തിന്റെ മതിലുകൾ തകർന്നിട്ടില്ല.
ആയിരത്തോളം വിശ്വാസികളുള്ള പ്രാദേശിക കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വലിയ ത്യാഗങ്ങൾ സഹിച്ച് അടുത്തിടെയാണ് ചെറിയ ചാപ്പലിന് പകരമായി 2023 നവംബറിലായിരുന്നു ഈ പള്ളി പണികഴിച്ചത്.